ദുബായ്: ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിക്ക് രാജ്യാന്തര അവാര്‍ഡ്. കോവിഡിനെതിരെ സ്വീകരിച്ച സുരക്ഷാ നടപടികള്‍ മുന്‍നിര്‍ത്തിയാണ് ആര്‍ടിഎക്ക് അവാര്‍ഡ്. നോര്‍വിജിയന്‍ ഡിഎന്‍വിജിഎല്‍ എന്ന സംഘടനയുടെ അവാര്‍ഡാണ് ലഭിച്ചത്.
ആര്‍ടിഎ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മാത്തര്‍ മുഹമ്മദ് അല്‍ തായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ദുബായ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സയീദ് അല്‍ മാര്‍റി പങ്കെടുത്തു. ലോക വിനോദസഞ്ചാര ദിനത്തില്‍തന്നെ ഈ അവാര്‍ഡ് ആര്‍ടിഎയ്ക്കു ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സഞ്ചാരികളെ സ്വീകരിക്കാന്‍ ദുബായ് തയാറായതായും ഹിലാല്‍ സയീദ് അല്‍ മാര്‍റി പറഞ്ഞു.
ജോലി ഇടം സുരക്ഷിതമാക്കി ജീവനക്കാരെ കോവിഡ് ബാധയില്‍ നിന്ന് സംരക്ഷിക്കുക, മെട്രോ-ബസ് തുടങ്ങിയവയിലെല്ലാം സുരക്ഷ ഉറപ്പിക്കുക, ദുബായ് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുക എന്നീ കാര്യങ്ങളിലാണ് ആര്‍ടിഎ ശ്രദ്ധിച്ചതെന്ന് അല്‍ തായര്‍ വ്യക്തമാക്കി.
അവാര്‍ഡിന്റെ ലോഗോ പതിച്ച പോസ്റ്ററുകള്‍ മെട്രോ, ട്രാം തുടങ്ങി എല്ലാ സര്‍വീസ് വാഹനങ്ങളിലും പതിപ്പിക്കും. ഇതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കോവിഡ് പ്രതിരോധത്തിനായി ആര്‍ടിഎ കൈക്കൊണ്ട നടപടികള്‍ കാണാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
അവാര്‍ഡിനോട് അനുബന്ധിച്ച് ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവരെ കോവിഡില്‍ നിന്ന് സംരക്ഷിക്കാന്‍ ആര്‍ടിഎ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് സംഘടന വിശദ പഠനവും നടത്തി.