അബുദാബി: മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രത്യേക പെർമിറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി അബുദാബിയു. സമാന ഭേദഗതി ദുബായ് വരുത്തിയതിനു പിന്നാലെയാണ് അബുദാബിയും മദ്യം വാങ്ങുന്നതിനുള്ള പെർമിറ്റ് സംവിധാനം ഒഴിവാക്കിയത്.
‘മദ്യത്തിനുള്ള പെർമിറ്റ് റദ്ദാക്കുന്നെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു. താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും അംഗീകൃത സ്‌റ്റോറുകളിൽ നിന്ന് ഇത് വാങ്ങാൻ അവകാശമുണ്ട്,’ അബുദാബി ഡിപാർട്‌മെന്റ് ഓഫ് കൾച്ചർ ആന്റ് ടൂറിസം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, മദ്യം വാങ്ങുന്നവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങൾ തുടർന്നും പാലിക്കേണ്ടതുണ്ട്. മദ്യം വാങ്ങുന്നവർക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. പൊതു സ്ഥലങ്ങളിൽ നിന്ന് മദ്യപിക്കരുത് തുടങ്ങിയ നിബന്ധനകൾ പാലിക്കണം.
എന്നാൽ, പുറത്തിറക്കിയ പ്രസ്താവനയിൽ മുസ്‌ലിങ്ങൾക്ക് മദ്യം വാങ്ങാമോ എന്നത് സംബന്ധിച്ച് പരാമർശമില്ല. നേരത്തെ മദ്യം വാങ്ങാൻ മുസ്‌ലിങ്ങൾക്ക് അബുദാബിയിൽ അനുമതിയുണ്ടായിരുന്നില്ല. അബുദാബിയിൽ സാധാരണമായി മദ്യം വിൽപ്പനയിൽ സ്റ്റോറുകൾ പെർമിറ്റ് ആവശ്യപ്പെടാറില്ലെങ്കിലും ഈ നിയമം നിലവിലുണ്ട്.
കൊവിഡ് പ്രതിസന്ധിക്കിടയിൽ തകർന്ന ടൂറിസം രംഗത്തെ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയുടെയും ദുബായുടെയും ഈ നിയമ ഭേദഗതി. ഇതിനൊപ്പം ഇസ്രഈലുമായി സമാധാന കരാറിലായതിനു പിന്നാലെ ഇവിടെ നിന്നുള്ള വിനോദ സഞ്ചാരികളെയും യുഎഇയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ദുബായിൽ ടൂറിസ്റ്റുകൾക്കും താമസക്കാർക്കും സ്റ്റോറുകളിൽ നിന്നും മദ്യം വാങ്ങാൻ പ്രത്യേക പെർമിറ്റ് ആവശ്യമുണ്ടായിരുന്നു. അതേ സമയം ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും പെർമിറ്റ് വേണ്ടായിരുന്നു. ഈ വർഷമാദ്യമാണ് ദുബായ് പെർമിറ്റ് സംവിധാനം ഒഴിവാക്കിയത്. ദുബായ് താമസവിസക്കാർക്ക് നിലവിൽ തങ്ങളുടെ ഐഡി കാർഡും നിലവിലെ അഡ്രസ് വെളിപ്പെടുത്തുന്ന ഒരു ഫോമും പൂരിപ്പിച്ചു നൽകിയാൽ മതി. ഒപ്പം ഫോമിനായി 270 ദിർഹവും നൽകണം. ബിയർ, വൈൻ എന്നിവയുടെ ഹോം ഡെലിവറിയും ദുബായിൽ നിയമപരമാക്കിയിരുന്നു. അതേ സമയം മുസ്‌ലിങ്ങൾക്ക് മദ്യം വാങ്ങാൻ അനുമതിയില്ല.
Discussion about this post