അജ്മാൻ: യുഎഇയിൽ വെച്ച് നഷ്ടപ്പെട്ട പണമടങ്ങിയ പഴ്‌സ് ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതി പരാതി ഒന്നും നൽകാൻ നിൽക്കാതെ സ്വദേശത്തേക്ക് മടങ്ങിയ യുവതിയെ ഞെട്ടിച്ച് അജ്മാൻ പോലീസ്. പഴ്‌സിന്റെ ഉടമയായ സ്ത്രീയെ മൂന്ന് മാസങ്ങൾക്ക് ശേഷം കണ്ടെത്തി അജ്മാൻ പോലീസ് പഴ്‌സ് പാഴ്‌സലായി അച്ചുകൊടുത്തിരിക്കുകയാണ്. ഏഷ്യക്കാരിയായ യുവതിക്കാണ് പോലീസ് പണം അയച്ചു നൽകിയത്.
യുഎഇിൽ താമസിക്കുന്നതിനിടെ പഴ്‌സ് നഷ്ടപ്പെട്ടെങ്കിലും ഈ വിവരം പോലീസിൽ അറിയിക്കാതെയാണ് സ്ത്രീ രാജ്യം വിട്ടത്. പൊതുസ്ഥലത്ത് വെച്ച് കളഞ്ഞു കിട്ടിയ പഴ്‌സ് യുഎഇയിലെ താമസക്കാരനായ ഒരാൾ പോലീസിൽ ഏൽപ്പിക്കുകയായിരുന്നെന്നാണ് മദിന കോപ്രിഹൻസീവ് പോലീസ് സ്റ്റേഷനിലെ ഡയറക്ടർ ലഫ്. കേണൽ ഗെയ്ത് ഖലീഫ അൽ കാബി പറയുന്നു. പഴ്‌സ് പരിശോധിച്ച പോലീസിന് അതിൽ നിന്നും ലഭിച്ച തിരിച്ചറിയിൽ കാർഡ് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ഉടമയായ വനിത യുഎഇ വിട്ടതായി കണ്ടെത്തി.
പഴ്‌സിന്റെ ഉടമയെ കണ്ടെത്തി നൽകാനുള്ള ചുമതല മദിന കോപ്രിഹൻസീവ് പോലീസ് സ്റ്റേഷനിലെ ഒമർ മുസബാഹ് അൽ കാബിക്കായിരുന്നു. പഴ്‌സിൽ കണ്ട രാജ്യാന്തര ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ പഴ്‌സിന്റെ ഉടമയായ സ്ത്രീ ഏഷ്യൻ രാജ്യത്തെ ഒരു വിദൂര ഗ്രാമത്തിലെ താമസക്കാരിയാണെന്ന് അന്വേഷണത്തിൽ പോലീസിന് മനസിലായി. ഈ സ്ത്രീയുടെ താമസസ്ഥലത്ത് ഇന്റർനെറ്റ് സൗകര്യം വളരെ കുറവാണെന്ന് വ്യക്തമായതോടെ മാസങ്ങൾകൊണ്ട് നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് മറ്റൊരു സ്ഥലത്ത് താമസിക്കുന്ന യുവതിയുടെ ബന്ധുവിനെ പോലീസ് കണ്ടെത്തുന്നത്. ഇവരോട് വാട്‌സ്ആപ്പ് വഴി പോലീസ് കാര്യങ്ങൾ അറിയിക്കുകയും പഴ്‌സിന്റെ ഉടമയായ യുവതിയെ കണ്ടെത്തുകയുമായിരുന്നു. പാഴ്‌സലായി പണം അയച്ചു നൽകിയ പോലീസ് യുവതി ഇത് കൈപ്പറ്റിയെന്നും ഉറപ്പാക്കി. പണം നഷ്ടപ്പെട്ട വിവരം താൻ റിപ്പോർട്ട് ചെയ്യാതിരുന്നിട്ട് പോലും പഴ്‌സ് കണ്ടെത്തി അയച്ചു നൽകിയ പോലീസിനോട് യുവതി നന്ദി അറിയിച്ചതായും ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post