അബൂദാബി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യു.എ.ഇയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി. ചൈനയുടെ സിനോഫാം വാക്‌സിന്റെ പരീക്ഷണം അബൂദബിയില്‍ വിജയകരമാണ് എന്ന് കണ്ടതിന്റെ പശ്ചാത്തലത്തിനാണ് നടപടി.
അടിയന്തര സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. യു.എ .ഇ ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയ കാര്യം പ്രഖ്യാപിച്ചത്.
എന്നാല്‍ കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നിയമവിധേയമായി വാക്‌സിന്‍ നല്‍കാം. ജൂലൈ 16 മുതല്‍ അബൂദബിയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം തുടരുകയാണ്. ആരോഗ്യവകുപ്പ്, ചൈനയിലെ സിനോഫാം, അബൂദബിയിലെ ജി 42 ഹെല്‍ത്ത് കെയര്‍ എന്നിവ സംയുക്തമായാണ് അബൂദബിയില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തുന്നത്.
125 രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേരാണ് പരീക്ഷണത്തിന് സന്നദ്ധരായി വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ കോവിഡ് വൈറസിനെതിരായ ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാക്‌സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത് അടിയന്തരഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
Discussion about this post