ഷാര്‍ജ: നാളെ മുതല്‍ ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കും. ആകെ ശേഷിയുടെ 50 ശതമാനം യാത്രക്കാരെ മാത്രമായിരിക്കും കൊണ്ടുപോവുക. നാളെ മുതല്‍ ജുബൈല്‍ ബസ് സ്റ്റേഷനും തുറക്കും. കൊവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി ഏപ്രില്‍ മുതല്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുകയും ജുബൈല്‍ ബസ് സ്റ്റേഷന് അടിച്ചിട്ടിരിക്കുകയുമായിരുന്നു.
യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ കര്‍ശന സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കും ബസ് സര്‍വീസുകള്‍ നടത്തുകയെന്നാണ് ഷാര്‍ജ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചത്.
യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാനായി തെര്‍മല്‍ ബോഡി സ്കാനിങ് നടത്തുമെന്നാണ് ഷാര്‍ജ പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹ്മദ് അല്‍ നൗര്‍ പറഞ്ഞത്. ഇതിനുപുറമെ ഓരോ ട്രിപ്പിന് ശേഷവും ബസുകള്‍ അണുവിമുക്തമാക്കും. സാമൂഹിക അകലം പാലിക്കുന്നതിനായുള്ള സ്റ്റിക്കറുകളും ബസുകളില്‍ പതിച്ചിട്ടുണ്ടാവും. എല്ലാ യാത്രക്കാരും യാത്രയിലുടനീളം മാസ്ക് ധരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ബസുകളില്‍ ഹാന്റ് സാനിറ്റൈസറുകളും സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post