ദുബായ്: ദുബായിയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ അവധി ആവശ്യപ്പെട്ടിട്ടും അനുവദിക്കാതിരുന്ന മാനേജരെ വാക്ക് തർക്കത്തിന് ഒടുവിൽ പ്രവാസി യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. കിർഗിസ്ഥാൻ സ്വദേശിയായ 21കാരൻ സംഭവത്തിൽ അറസ്റ്റിലായി. അൽ ഖുവോസ് ഇൻഡസ്ട്രിയൽ മേഖലയിലെ ഒരു ഗ്യാരേജിൽ ജോലി ചെയ്യുകയായിരുന്ന പ്രവാസി യുവാവ് നാട്ടിലേക്ക് പോകുന്നതിനുള്ള ലീവുമായി ബന്ധപ്പെട്ട് മാനേജരോട് തർക്കിക്കുകയും തുടർന്ന് മൂർച്ചയേറിയ കത്തി കൊണ്ട് മാനേജരെ കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
കേസിൽ യുവാവിന് എതിരെ ദുബായ് പ്രാഥമിക കോടതിയിൽ വാദം തുടരുകയാണ്. ഈ വർഷം ജൂണിലായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേദിവസമാണ് പ്രതി പിടിയിലായത്. രക്തത്തിൽ കുളിച്ചു കിടന്ന മാനേജരുടെ മൃതദേഹം സ്ഥാപനത്തിലെ മറ്റ് ജീവനക്കാരാണ് കണ്ടെത്തിയതെന്നും അറസ്റ്റിലായ യുവാവാണ് മാനേജരെ അവസാനമായി സന്ദർശിച്ചതെന്നും പോലീസ് പറയുന്നു.
ഗ്യാരേജിലെ ജോലിക്കാർ പുറത്തുപോയി 20 മിനിറ്റിന് ശേഷം തിരികെ വന്നപ്പോൾ മാനേജർ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇദ്ദേഹത്തെ അവസാനമായി സന്ദർശിച്ചത് അറസ്റ്റിലായ യുവാവാണെന്നും കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നെന്നും ജീവനക്കാരാണ് മൊഴി നൽകിയതെന്ന് പോലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം രാജ്യം വിടാനായി യുവാവ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയെങ്കിലും സർവ്വീസുകളില്ലാത്തതിനാൽ ഇയാൾക്ക് നാട്ടിലേക്ക് മടങ്ങാനായില്ല. തുടർന്ന് ഇയാൾ കോൺസുലേറ്റിനെ സമീപിക്കുകയും നാട്ടിലെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ കോൺസുലേറ്റിന് പുറത്തുവെച്ച് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വദേശത്തേക്ക് പോകാനായി ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് മുമ്പും മാനേജരെ സമീപിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മാനേജർ യുവാവിനോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇതോടെ സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ പുറത്തേക്ക് പോകുന്നത് വരെ കാത്തുനിന്ന യുവാവ് ഇവർ പോയ ശേഷം മാനേജറുടെ മുറിയിൽ കയറി വാതിൽ അകത്ത് നിന്ന് പൂട്ടി കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കൂട്ടിച്ചേർത്തു. കത്തി ഉപയോഗിച്ച് മാനേജറുടെ കഴുത്തറക്കുകയും ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയുമായിരുന്നു. മൃതദേഹത്തിൽ ആറ് ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. മുഖത്ത് 13 തവണ വെട്ടേറ്റിരുന്നെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിന് യുവാവിനെതിരെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കോടതി കേസിന്റെ വിചാരണ ഒക്ടോബർ നാലിലേക്ക് നീട്ടിവെച്ചിരുന്നു.