റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാവിലെ പെയ്ത മഴയില്‍ ജിദ്ദയിലെ പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുവാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതല്‍ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി.
ഇന്ന് രാവിലെ മുതലാണ് ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തു തുടങ്ങിയത്. ശക്തമായ മഴകാരണം ജിദ്ദയിലെ പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. മഴ കാരണം ചില പ്രധാന അടിപ്പാതകള്‍ സുരക്ഷാ വിഭാഗം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.
ജിസാന്‍, അസീര്‍, ബാഹ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഇടിയും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചെങ്കടലില്‍ ശക്തമായ കാറ്റും തിരമാലകളും ഉണ്ടാവാനിടയുണ്ട്. വാഹനമോടിക്കുന്നവര്‍ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് മക്കയിലെ സിവില്‍ ഡിഫന്‍സ് വക്താവ് നായിഫ് അല്‍ ശരീഫ് പൊതു ജനങ്ങളോടാവശ്യപ്പെട്ടു.
Discussion about this post