യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തു; മലയാളിയെ കാത്തിരിക്കുന്നത് 73 ലക്ഷം രൂപ പിഴയും ജയിൽ ശിക്ഷയും

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി യുഎസ് കോടതി. അമേരിക്കൻ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2016ലെ യുഎസ് പ്രസിഡന്റ് വോട്ട് ചെയ്ത മലയാളിയായ ബൈജു പൊറ്റക്കുളത്ത് തോമസിനെയാണ് നോർത്ത് കരോലിന ജില്ലാ കോടതി കുറ്റക്കാരാനെന്ന് കണ്ടെത്തിയത്.

നിയമവിരുദ്ധമായി വോട്ട് ചെയ്തതിന്റെ പേരിൽ ബൈജുവിനും മറ്റു 11 വിദേശപൗരന്മാർക്കുമെതിരെ കഴിഞ്ഞ മാസമാണ് നോർത്ത് കരോലിനയിൽ കേസെടുത്തത്. കേസിൽ ശിക്ഷിക്കപ്പെടുകയാണെങ്കിൽ ഒരു വർഷം തടവും 1,00000 യുഎസ് ഡോളർ വരെ പിഴയുമാണ് ഇവർക്കെതിരെ ചുമത്തുകയെന്ന് യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവസ്റ്റിഗേഷൻ ഓഫീസർ അറിയിച്ചു.

നേരത്തെ, കേസിൽ കുറ്റം ചുമത്തപ്പെട്ട ഇന്ത്യൻ വംശജനായ മലേഷ്യയിൽ നിന്നുള്ള റൂബ് കൗർ അതർസിംങിന് ശിക്ഷിക്കപ്പെട്ടാൽ 350,000 യുഎസ് ഡോളർ പിഴയും ആറ് വർഷത്തോളം തടവുമായിരിക്കും ചുമത്തപ്പെടുകയെന്നും അധികൃതർ അറിയിച്ചിരുന്നു.

യുഎസ് നിയമപ്രകാരം യുഎസ് പൗരത്വം ഇല്ലാത്തവർക്ക് വോട്ട് ചെയ്യാനോ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യാനോ സാധിക്കില്ല. ഈ നിയമം ലംഘിച്ചുക്കൊണ്ട് വോട്ട് ചെയ്യുകയോ അതിനായി രജിസ്‌ഷ്രേൻ നടത്തുകയോ ചെയ്യുന്നവർക്ക് പിഴയും തടവുമടക്കമുള്ള ശിക്ഷ ലഭിക്കും.

Exit mobile version