ദുബായ്: യുഎഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുകയാണ്. രാജ്യത്ത് തങ്ങുന്നവരെയെല്ലാം ശരിയായ രേഖകളിലൂടെ നിയമത്തിന് കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഗവണ്‍മെന്റ് മൂന്നുമാസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചത്.
ഇതിനകം രേഖകള്‍ ശരിയാക്കിയും വിസ നേടിയും ആയിരക്കണക്കിനാളുകളാണ് ജീവിതം സുരക്ഷിതമാക്കികഴിഞ്ഞു. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ പദവി ശരിയാക്കി,സ്വയം സുരക്ഷിതരാവൂ എന്ന സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പില്‍ നിരവധി അനധികൃത താമസക്കാരാണ് ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്.
ശരിയായ താമസ കുടിയേറ്റ രേഖകള്‍ ഇല്ലാത്തവരെ സഹായിക്കാനായി പൊതുമാപ്പ് പ്രഖ്യാപിച്ചത് യുഎഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ നൂറാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സായിദ് വര്‍ഷാചരണത്തിലാണ്. നിയമലംഘകര്‍ക്ക് പിഴയോ മറ്റു ശിക്ഷാ നടപടികളൊ നേരിടാതെ വേഗത്തില്‍ താമസരേഖകള്‍ ശരിയാക്കാനും സ്വദേശത്തേക്ക് മടങ്ങാനും കഴിയുന്ന രീതിയിലാണ് ഇത്തവണത്തെ പൊതുമാപ്പ് സംവിധാനം.
അതേസമയം സാമ്പത്തിക പ്രശ്‌നങ്ങളിലും മറ്റുമായി ഇപ്പോഴും രേഖകള്‍ ശരിയാവാതെ നില്‍ക്കുന്ന നൂറ് കണക്കിനാളുകള്‍ മറവില്‍ കഴിയുന്നുണ്ടെന്നാണ് പൊതുപ്രവര്‍ത്തകരുടെ നിഗമനം. ഇത്തരക്കാര്‍ എങ്ങനെയെങ്കിലും അത്തരം കേസുകള്‍ പരിഹരിച്ച് പൊതുമാപ്പിന്റെ ആനുകൂല്യം സ്വീകരിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ദുബായ് കെഎംസിസി ദുബായ് എമിഗ്രേഷന്‍ വിഭാഗവുമായി ചേര്‍ന്ന് പ്രവാസികളെ സഹായിക്കാന്‍ വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ വിശദമാക്കുന്ന ഔദ്യോഗിക സന്ദേശങ്ങള്‍ പൊതുജങ്ങളിലേക്ക് എത്തിക്കാന്‍വേണ്ടി ദുബായ് എമിഗ്രേഷന്‍ മാര്‍ക്കറ്റിങ് വിഭാഗവുമായി ഒപ്പം ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.