ദോഹ: പടര്‍ന്നുപിടിച്ച കോവിഡിനെ നിയന്ത്രിക്കാന്‍ ഖത്തറിനെ സഹായിച്ചത് മലയാളിയുടെ ടെക്‌നോളജി. കോവിഡ് ബാധിതരുടെ സമ്പര്‍ക്ക വിവരം അറിയാനും പട്ടികയിലുള്ളവരെ കണ്ടെത്താനും ഖത്തര്‍ ആരോഗ്യവകുപ്പ് ഉപയോഗിക്കുന്ന ഈ ആപ് വികസിപ്പിച്ചെടുത്തത് ഓര്‍ബിസ് സിസ്റ്റം കമ്പനി പ്രോജക്ട് ഡയറക്ടര്‍ കൊല്ലം കൈതക്കുഴി സ്വദേശി ആല്‍ബി ജോയ് ആണ്.
‘ഇഹ്‌തെറാസ്’ എന്നാണ് ആപ്പിന്റെ പേര്. സ്മാര്‍ട് ഫോണില്‍ ‘ഇഹ്‌തെറാസ്’ ആപ് ഡൗണ്‍ ലോഡ് ചെയ്ത് റജിസ്റ്റര്‍ ചെയ്യുന്നതോടെ ആ വ്യക്തി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാകും. ജിപിഎസ്, ബ്ലൂ ടൂത്ത് എന്നിവയിലൂടെയാണു പ്രവര്‍ത്തനം.
ആരോഗ്യവാനായ വ്യക്തിയുടെ കളര്‍ കോഡ് പച്ചയാണ്.കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ചുവപ്പ്. ക്വാറന്റീനില്‍ കഴിയുന്നവര്‍ മഞ്ഞ. അതേസമയം രോഗിയുമായി സമ്പര്‍ക്കത്തിലാവുകയോ പരിശോധനയ്ക്കു വിധേയരാകാതിരിക്കുകയോ ചെയ്യുന്നവര്‍ക്കു ചാരനിറം മൊബൈലില്‍ തെളിയും.
പരിശോധന നടത്തി കോവിഡാണെന്ന് ആശുപത്രികളില്‍ തെളിയുന്ന മാത്രയില്‍ മൊബൈലിലെ കളര്‍ കോഡ് ചുവപ്പ് നിറമാകും. പരിസരത്ത് കോവിഡ് രോഗിയുണ്ടെങ്കില്‍ മുന്നറിയിപ്പും നല്‍കും. വീടിനു വെളിയില്‍ പോകുന്നവര്‍ ആപ് ഉപയോഗിച്ചില്ലെങ്കില്‍ പരമാവധി രണ്ടുലക്ഷം റിയാലോ മൂന്നുവര്‍ഷം തടവോ ശിക്ഷ ലഭിക്കും.
മേയ് 22ന് ആപ് നിര്‍ബന്ധമാക്കിയതിനു ശേഷം കോവിഡ് വ്യാപനം പത്തിലൊന്നായി കുറഞ്ഞു. പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലാകുന്നവരെ കണ്ടെത്തി ചികിത്സ നല്‍കുകയോ ക്വാറന്റീനിലാക്കുകയോ ചെയ്യുന്നതിന് ആപ് സഹായിക്കുന്നു. ഇതാണ് രോഗവ്യാപനം കുറച്ചതും.
ദേവാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങി എല്ലായിടത്തും പ്രവേശനാനുമതിക്കു പച്ചനിറം നിര്‍ബന്ധമാണ്.നാളെ പുനരാരംഭിക്കുന്ന പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രാനുമതി നല്‍കുന്നത് ‘ഇഹ്തറാസ്’ ആപ്പില്‍ പച്ച തെളിയുന്നവര്‍ക്കു മാത്രമാവും.
ഖത്തറില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്കു വിമാന യാത്രാനുമതി ലഭിക്കാനും ഇഹ്‌തെറാസ് മതിയെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചതും ഏറെ അഭിമാനകരമായെന്ന് ആല്‍ബി ജോയ് പറഞ്ഞു. ആപ് കേരളത്തിലും നടപ്പാക്കിയാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള പകര്‍ച്ച തടയാനാകുമെന്നു ഖത്തറില്‍ ഇഎന്‍ടി സ്‌പെഷലിസ്റ്റായ ഡോ. മോഹന്‍ തോമസ് ചൂണ്ടിക്കാട്ടി.