മാസ്‌ക് നിര്‍ബന്ധം; പൊതുഗതാഗത സംവിധാനങ്ങള്‍ കര്‍ശനമായ നിബന്ധനകളോടെ പുനരാരംഭിക്കാന്‍ ഒരുങ്ങി ഖത്തര്‍

ദോഹ: കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഖത്തറില്‍ നിര്‍ത്തിവെച്ച പൊതുഗതാഗത സംവിധാനങ്ങള്‍ കര്‍ശനമായ നിബന്ധനകളോടെ പുനരാരംഭിക്കുന്നു. സെപ്തംബര്‍ ഒന്ന് മുതലാണ് ദോഹ മെട്രോ, കര്‍വ ബസ് സര്‍വീസ് തുടങ്ങിയ പൊതുഗതാഗതം പുനരാരംഭിക്കുകയെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു.

ആകെ ശേഷിയുടെ മുപ്പത് ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കൂ തുടങ്ങി യാത്രക്കായി കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഗതാഗതമന്ത്രാലയം പുറത്തിറക്കി.

-മെട്രോയിലും കര്‍വ ബസുകളിലും ആകെ ശേഷിയുടെ മുപ്പത് ശതമാനം യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കൂ.

-മുഴുവന്‍ സംവിധാനങ്ങളിലെയും ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം.

-പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗമുള്ളവര്‍ എന്നീ വിഭാഗക്കാര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്.

-യാത്രക്കാര്‍ക്ക് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

-ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കൂ.

-വാഹനത്തില്‍ കയറുന്നതിന് മുമ്പ് താപനില പരിശോധനയുണ്ടാകും. 38 ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

-ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈന്‍ വഴി നടത്താന്‍ ശ്രമിക്കണം.

-സ്റ്റേഷനുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥാപിക്കുക, ഇരിപ്പിടങ്ങളും മറ്റും തുടര്‍ച്ചയായി അണുവിമുക്തമാക്കുക തുടങ്ങി നിബന്ധനകളും കൃത്യമായി പാലിക്കണം.

-ഇത്തരം നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Exit mobile version