റിയാദ്: സൗദി അറേബ്യയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം താൽക്കാലിക ഇളവ് അനുവദിച്ചു. സ്വദേശി ജീവനക്കാരുടെ എണ്ണം കുറയ്ക്കാതെ വിദേശികളായ ജോലിക്കാർക്ക് അവസരം നൽകാനാണ് ഈ ഇളവ്. സൗദി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് സ്വദേശിവത്കരണത്തിന്റെ ഭാഗമായി മന്ത്രാലയം നടപ്പാക്കിയ നിതാഖത് വ്യവസ്ഥയിൽ ഇളംപച്ച ഗണത്തിലുള്ള സ്ഥാപങ്ങൾക്കാണ് ഇളവിന്റെ ആനുകൂല്യം ലഭിക്കുക. ഇത്തരം സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് എടുക്കാനാവും. ഒക്ടോബർ വരെയാണ് ഈ ഇളവ്.
സ്വദേശിവത്കരണം പൂർത്തീകരിച്ച് ഇളം പച്ച ഗണത്തിലെത്തിയ സ്ഥാപനങ്ങൾക്ക് സ്വദേശികളുടെ എണ്ണത്തിൽ കുറവ് വരുത്താതെ വിദേശികളുടെ സ്‌പോൺസർഷിപ്പ് എടുക്കാനാകും. മുമ്പ് ഇത്തരം സ്ഥാപനങ്ങൾക്ക് മറ്റു സ്ഥാപനങ്ങളിൽ നിന്ന് വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ സാധിക്കുമായിരുന്നില്ല. പുതുതായി എടുക്കുന്ന വിദേശികൾ ഉൾപ്പെട്ടാലും സ്ഥാപനം ഇളംപച്ച ഗണത്തിൽ തുടരാൻ ആവശ്യമായ സ്വദേശികളുടെ ശതമാനം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
സ്വദേശിവത്ക്കരണം നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്ന ‘മരിൻ’ എന്ന തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ സംവിധാനത്തിന്റെ ഭാഗമായാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
Discussion about this post