കോഴിക്കോട്: ജീവിത മാര്‍ഗത്തിനായി 21-ാം വയസിലേയ്ക്ക് ദുബായിലേയ്ക്ക് പറന്ന കോഴിക്കോട് സ്വദേശി അമ്മദ് തിരികെ ജന്മനാട്ടിലേയ്ക്ക്. 40 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവിലാണ് ദുബായിയോട് സലാം പറഞ്ഞ് അമ്മദ് നാട്ടിലേയ്ക്ക് എത്തുന്നത്. നീണ്ട 40 വര്‍ഷക്കാലം ദുബായ് പോലീസിലാണ് അമ്മദ് സേവനം അനുഷ്ഠിച്ചത്. 1978 ഒക്ടോബറില്‍ ദുബായ് പോലീസ് ഓഫീസ് ബോയ് ആയി ജോലി തുടങ്ങി.
നീണ്ട 20 വര്‍ഷം അല്‍ മുല്ല പ്ലാസയ്ക്കടുത്തെ ദുബായ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ജോലി ചെയ്തു. തുടര്‍ന്ന് 2 വര്‍ഷം ജുമൈറ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു. അവിടെ നിന്ന് എത്തിയ അല്‍ സഫയിലെ പോലീസ് അക്കാദമിയില്‍ 18 വര്‍ഷം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ സേവനമനുഷ്ഠിച്ച ജുമൈറയിലെ പോലീസ് അക്കാദമിയില്‍ നിന്നാണ് അമ്മദ് വിരമിക്കുന്നത്.
890 ദിര്‍ഹമായിരുന്നു ആദ്യത്തെ ശമ്പളം. കൂടാതെ, താമസവും ഭക്ഷണവും സൗജന്യമായി ലഭിച്ചു. പിന്നീട് തുക കൂടിക്കൂടി പിരിയുന്നതുവരെ നാലായിരത്തോളം ദിര്‍ഹം ശമ്പളം ലഭിച്ചുകൊണ്ടിരുന്നു. വളരെ സൗഹാര്‍ദപൂര്‍വമായിരുന്നു ഉദ്യോഗസ്ഥരുടെ സമീപനമെന്ന് അമ്മദ് പറയുന്നു. കൂടാതെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയതാണ് പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂത്തമകന് അബ്ദുല്ല ബിരുദത്തിന് ശേഷം ദുബായിയില്‍ മലബാര്‍ ഗോള്‍ഡില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന് ഹബീബ് റഹ് മാന്‍ നാട്ടില്‍ ഫിസിയോതെറാപിസ്റ്റാണ്. മകള്‍ ഹസീബാ നൗഫല്‍ നാട്ടില്‍ അധ്യാപികയുമായി സേവനെ അനുഷ്ഠിക്കുകയാണ്. ആദ്യകാലത്ത് 2 വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം നാട്ടില്‍ പോയി വരുമായിരുന്നു. പിന്നീട് ഇത് വര്‍ഷത്തിലൊരുമാസമായി. ഏറ്റവുമൊടുവില്‍ വര്‍ഷത്തില്‍ 2 മാസത്തോളം നാട്ടില്‍ നില്ക്കാന് അനുവദിച്ചിരുന്നു. അവധിക്കാല വേതനത്തോടൊപ്പം പോലീസുദ്യോഗസ്ഥര്‍ സമ്മാനങ്ങളും തന്നുവിടാറുണ്ടെന്ന് അമ്മദ് കൂട്ടിച്ചേര്‍ത്തു.
ആദ്യം ജോലി ചെയ്ത ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ മേധാവി അലി ഖല്ഫാന് എല്ലാ റമസാനും വിളിച്ച് സമ്മാനം നല്‍കും. അതുപോലെ മറ്റു പൊലീസുദ്യോഗസ്ഥരുമായും മികച്ച ബന്ധം സൂക്ഷിക്കാനായതും നേട്ടമായി കരുതുന്നുവെന്നും അമ്മദ് പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി മലയാളികള്‍ പോലീസ് സ്റ്റേഷനുകളിലെത്താറുണ്ട്. ആരെയാണ് സമീപിക്കേണ്ടതെന്നറിയാതെ പലരും ഇത്തിരി ഭയത്തോടെ നില്‍ക്കുന്നത് കാണുമ്പോള്‍ അവര്‍ക്ക് ധൈര്യം കൊടുത്ത്, വഴികാട്ടിക്കൊടുക്കുമായിരുന്നു.
അപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. എന്നാല്‍, നേര്‍വഴിക്കല്ലാതെ ആരെങ്കിലും സമീപിച്ചാല്‍ യാതൊരു മടിയും കൂടാതെ പറ്റില്ലെന്നു പറഞ്ഞിട്ടുണ്ട്. ജോലിയിലെ ഈ ആത്മാര്‍ഥത തന്നെയാണ് തനിക്ക് ഇത്രയും വര്‍ഷം ദുബായ് പോലീസില്‍ യാതൊരു തടസ്സവുമില്ലാതെ സേവനം ചെയ്യാന്‍ സാധിച്ചതെന്നും അമ്മദ് വ്യക്തമാക്കി.
Discussion about this post