ദുബായ്: യുഎഇ പൊതുമാപ്പ് കാലാവധി മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി. മാര്‍ച്ച് 1 ന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് യുഎഇ വിടാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു. യുഎഇ മെയ് 8 ന് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ഇന്ന് അവസാനിക്കാനിരിക്കവേയാണ് വിസാ നിയമ ലംഘകര്‍ക്ക് പിഴകൂടാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ സാവകാശം കൂടി യുഎഇ നല്‍കിയിരിക്കുന്നത്.
ഈ ഉത്തരവ് മാര്‍ച്ച് 1 ന് കാലാവധി അവസാനിച്ച എല്ലാത്തരം വിസകള്‍ക്കും ബാധകമാണ്. മാര്‍ച്ച് 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കും, വിസ റദ്ദാക്കിയവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം കിട്ടില്ല. പൊതുമാപ്പിന്റെ ഭാഗമായി രാജ്യംവിടുന്നവര്‍ക്ക് പിന്നീട് യുഎഇയിലേക്ക് തിരിച്ചു വരുന്നതിന് വിലക്കില്ല.
ദുബായ് വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുന്നവര്‍ 48 മണിക്കൂര്‍ മുമ്പ് വിമാനത്താവള ഇമിഗ്രേഷന്‍ വിഭാഗത്തെ സമീപിക്കണം. ഷാര്‍ജ, റാസ്സല്‍ഖൈമ, അബുദാബി രാജ്യാന്തര വിമാനത്താവളം വഴിയാണ് മടങ്ങുന്നതെങ്കില്‍ 6 മണിക്കൂര്‍ മുമ്പ് അതാത് വിമാനതാവളങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ റിപ്പോട്ട് ചെയ്യണമെന്നാണ് അധികൃതര്‍ അറിയിച്ചത്. സംശയങ്ങളും ചോദ്യങ്ങളും 800-453 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.