ദുബായ്: ദുബായിയിലെ സ്‌കൂളുകൾ ഓഗസ്റ്റ് അവസാനം തുറക്കാനിരിക്കെ രക്ഷിതാക്കൾക്ക് ആശ്വാസമായി ഈ തീരുമാനം. വിദ്യാർത്ഥികളെ നേരിട്ട് സ്‌കൂളിലയക്കണമോ വേണ്ടയോയെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാമെന്ന് കെഎച്ച്ഡിഎ അറിയിച്ചു. ഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസ്സുകൾ തന്നെ മതിയെന്ന അഭിപ്രായത്തിൽ തുടരുന്നതിനിടെയാണ് ഈ തീരുമാനം പുറത്തെത്തിയിരിക്കുന്നത്.
ഈ മാസം 30ന് പുതിയ അധ്യയനവർഷം തുടങ്ങുന്നതോടെ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കാനായിരുന്നു ദുബായ് ഭരണകൂടത്തിന്റെ തീരുമാനം. എന്നാൽ, ചില രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചതോടെ വിദ്യാർത്ഥികളെ നേരിട്ട് സ്‌കൂളിലേക്ക് അയക്കണോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി നിലപാട് സ്വീകരിക്കുകയായിരുന്നു.
അതേസമയം, കൊവിഡ് കാലത്ത് മക്കളെ സ്‌കൂളുകളിലേക്കയക്കാൻ താൽപര്യപെടാത്ത രക്ഷിതാക്കൾക്ക് ആശ്വാസമാവുകയാണ് ഈ തീരുമാനം. താൽക്കാലികമാണ് ഈ സൗകര്യമെന്നാണ് കെഎച്ച്ഡിഎ സർക്കുലറിൽ പറയുന്നത്. എത്ര നാളത്തേക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിലാണ് യുഎഇയിലെ സ്‌കൂളുകൾ അടച്ചത്.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സ്‌കൂളുകൾ തുറക്കാവൂ എന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഷാർജയിലെയും അബുദാബിയിലെയും വിദ്യാർത്ഥികൾക്ക് ഇ ലേണിംഗായി വീടുകളിൽ തന്നെ പഠനം തുടരാമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post