ദുബായ്: കിളികള്‍ക്ക് കൂടൊരുക്കി മുട്ടയിടാന്‍ സ്വന്തം ബെന്‍സ് കാര്‍ നല്കിയ ദുബായ് കിരീടാവകാശിയുടെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം നിറഞ്ഞിരുന്നു. ഇപ്പോഴിതാ കിളിക്കൂട്ടിലെ മുട്ടകള്‍ വിരിഞ്ഞ് കിളിക്കുഞ്ഞുങ്ങള്‍ പുതിയ ലോകത്തേക്ക് എത്തിയ വിവരം സന്തോഷത്തോടെ പങ്കുവെച്ചിരിക്കുകയാണ് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വാഹനമായ മെഴ്സിഡെസ് എസ് യുവിയിലാണ് കിളി കൂട് കൂട്ടിയത്. ആഡംബര വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡിലെ കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ട് ദുബായ് കിരീടാവകാശി ഏതാനും ദിവസങ്ങളായി ഈ വാഹനം ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു.
ഇപ്പോള്‍ മുട്ടകള്‍ വിരിഞ്ഞ വിവരം ശൈഖ് ഹംദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്നെയാണ് ഇന്‍സ്റ്റഗ്രാം ആക്കൗണ്ടിലൂടെ അറിയിച്ചത്. 80 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ശൈഖ് ഹംദാന്‍ പങ്കുവച്ചിട്ടുള്ളത്. ജീവിതത്തിലെ ചെറിയ കാര്യങ്ങളും വലുതാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കിളി കൂട് വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കുറച്ച് നാളേക്ക് വാഹനം ഉപയോഗിക്കുന്നില്ലെന്നും ചെറിയ വേലിയൊരുക്കി കിളിയുടെ അടുത്തേക്ക് ആരുംപോയി ശല്യമുണ്ടാക്കാതിരിക്കുകയാണെന്നും നേരത്തെ ശൈഖ് ഹംദാന്‍ വിശദമാക്കിയിരുന്നു.
Discussion about this post