ദമ്മാം നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഒരു കൈകുഞ്ഞടക്കം 173 യാത്രക്കാർ ഇന്ന് ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് യാത്രതിരിച്ചു. സൗദി അറേബ്യയിൽ നിന്നും ആദ്യമായാണ് പൂർണ്ണമായും സൗജന്യമായി ഒരു വിമാനം ചാർട്ട് ചെയ്യുന്നത്. ഇൻ്റിഗോ എയർ 6E9534 എന്ന വിമാനം സൗദി സമയം 5.45 നാണ് ദമ്മാം ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ടേക് ഓഫ് ചെയ്തത്.
കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും നിയമക്കുരുക്കിൽ പെട്ടതുമായ 173 പേർ ആണ് ഇന്ന് സൗജന്യമായി നാട്ടിൽ എത്തുന്നത്. ഇതിൽ 124 പേർ കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർ ആണ്, 18 പേർ ഹുറൂബ് ആയി നിയമ പ്രശ്നങ്ങൾ നേരിട്ടിരുന്നവരും. 22 സ്ത്രീകളും 10 കുട്ടികളും സംഘത്തിൽ ഉണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നവരും ഉണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ള രണ്ട് പേർ വീൽചെയറിലാണ് യാത്ര ചെയ്തത്.
യാത്രക്കാർക്ക് ഭക്ഷണവും PPE കിറ്റും നവാേദയ പ്രവർത്തകർ ഏയർപോർട്ടിൽ എത്തി വിതരണം ചെയ്തു, കൂടാതെ യാത്രക്കാർക്ക് വേണ്ട എല്ലാ സഹായങ്ങൾക്കുമായി നവോദയ വളണ്ടിയർമാർ മുഴുവൻ സമയവും എയർപോർട്ടിൽ ഉണ്ടായിരുന്നു. ഒരു കൂട്ടം മനുഷ്യരുടെ പ്രതീക്ഷാനിർഭരമായ യാത്രയപ്പിന് ദമ്മാം വിമാനത്താവളം വേദിയായി.
യാംബു, റിയാദ്, നാരിയ, കാഫ്ജി തുടങ്ങി ദമ്മാമിൽ നിന്നും വിദൂര പ്രദേശങ്ങളിൽ നിന്നുമുള്ള യാത്രക്കാരും നവോദയയുടെ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ദൂരദേശങ്ങളിൽ നിന്നുള്ളവർക്ക് യാത്രയും താമസ ഭക്ഷണ സൗകര്യവും നവോദയ ഏർപ്പെടുത്തി.
കോവിഡ് അടച്ചു പൂട്ടലിനെ തുടർന്ന് പ്രയാസത്തിലായ പ്രവാസികളെ സഹായിക്കാൻ നവാേദയ ടാസ്ക് ഫോഴ്സിന് നേരത്തെ രൂപം നൽകി ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചു നൽകിയിരുന്നു. മിതമായ ടിക്കറ്റ് നിരക്കിൽ ഇതിന് മുൻപ് ദമ്മാമിൽ നിന്നും നവോദയ വിമാനം ചാർട്ട് ചെയ്തിരുന്നു. കൊവിഡിനെ തുടർന്ന് ഗൾഫ് മേഘലയിലെ തൊഴിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർദ്ധനരായ തൊഴിലാളികളെ സഹായിക്കാൻ നവോദയ സൗജന്യ വിമാനയാത്ര പ്രഖ്യാപിച്ചത്.
ഏത് ദുരന്തകാലത്തും മനുഷ്യൻ്റെ പ്രാണനു വേണ്ടിയുള്ള പാച്ചിലിനിടയിലും ലാഭവും വ്യാപാര സാധ്യതയും കാണുന്നവരുടെ കാപട്യം നിറഞ്ഞ ഒരു കാലത്ത്, ആ ലാഭം വീതം വയ്ക്കുന്നതിൽ പരസ്പരം കലഹിക്കുന്നവരുടെ ഒരു കാലത്ത് നിശ്ചയധാർഢ്യത്തോടെ സുതാര്യമായി പ്രവാസികൾക്കുവേണ്ടി തൊഴിലാളി വർഗ്ഗരാഷ്ട്രീയം ഉയർത്തി പിടിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് നവോദയ സാംസ്കാരിക വേദിയുടെ പ്രവര്‍ത്തകര്‍ പറയുന്നു.
ഇത് ഒരുരാഷ്ട്രീയ സന്ദേശവും പ്രഖ്യാപനവുമാണ്. അതിനുള്ള കരുത്തും ശേഷിയും ഞങ്ങൾക്ക് തരുന്നത് നവോദയയുടെ ആയിരക്കണക്കിനുള്ള പ്രവർത്തകരും, ഞങ്ങളിൽ വിശ്വാസമർപ്പിച്ച മനുഷ്യരുമാണ് നവോദയയുടെ പ്രവര്‍ത്തകര്‍ അഭിമാനത്തോടെ പറയുന്നു.
കോവിഡ് സാഹചര്യവും തുടർന്നുള്ള ഗൾഫ് മേഘലയിലെ തൊഴിൽ പ്രതിസന്ധികളും പ്രവാസിയുടെ ജീവിതത്തെ കൂടുതൽ പ്രയാസത്തിലാക്കുമ്പോൾ നവാേദയയുടെ ഇടപെടലുകൾ നിർദ്ധനരും നിരാലംബരുമായ പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
Discussion about this post