ദോഹ: പ്രവാസി ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നു. ഇന്ത്യൻ വിമാന കമ്പനികൾക്കും ഖത്തർ എയർവേയ്‌സിനും നിബന്ധനകൾക്ക് വിധേയമായി സർവീസ് നടത്താനുള്ള എയർബബിൾ ധാരണാപത്രത്തിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഒപ്പുവെച്ചു. ഉത്തരവ് ഓഗസ്റ്റ് 18ന് പ്രാബല്യത്തിൽ വരും.
ഈ ധാരണപ്രകാരം ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് മടങ്ങാൻ സാധിക്കും. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പ്രതിവാര സർവീസുകൾ ഖത്തർ എയർവേയ്‌സിനും ഇന്ത്യൻ വിമാനങ്ങൾക്കും സീറ്റുകളുടെ അടിസ്ഥാനത്തിൽ തുല്യമായി വിഭജിക്കും. ഖത്തർ പൗരൻമാർ, ഖത്തർ വിസയുള്ള ഇന്ത്യക്കാർ എന്നിവർക്ക് ഈ സർവീസുകൾ വഴി മടങ്ങിപ്പോകാൻ സാധിക്കും.
ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതോടെ അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവർ ഉൾപ്പെടെ നിരവധി പ്രവാസികൾക്കാണ് ആശ്വാസമാകുന്നത്. യാത്രയ്ക്ക് മുമ്പ് കൊവിഡ് പരിശോധന നടത്തണം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ)അംഗീകൃത മെഡിക്കൽ സെന്ററുകളിൽ നിന്ന് പരിശോധന നടത്താവുന്നതാണ്.
Discussion about this post