ദുബായ്: നാടിനെ ഒന്നടങ്കം നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരാതെ കാത്തത് രക്ഷാപ്രവര്‍ത്തിനെത്തിയ നാട്ടുകാരാണ്. കോവിഡ് മഹാമാരിയെയും തകര്‍ത്തുപെയ്യുന്ന മഴയെയും വകവെയ്ക്കാതെയായിരുന്നു നാട്ടുകാര്‍ ഒന്നടങ്കം അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. രോഗം ബാധിക്കുമെന്നോ ക്വാറന്റീനില്‍ കഴിയേണ്ടി വരമെന്നോ ഒന്നും അവര്‍ അപ്പോള്‍ ആലോചിച്ചില്ല.
നാട്ടുകാരുടെ സമയോജിതമായ ഇടപെടലാണ് യാത്രക്കാരുടെ ജീവന് തുണയായത്. വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ക്വാറന്റൈനില്‍ പോകേണ്ടി വന്ന പാവപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പ്രവാസി വ്യവസായി.
ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ട സാധാരണക്കാരായ വ്യക്തികളുടെ ആ കാലയളവിലെ ജീവിതചെലവുകള്‍ വഹിക്കുമെന്ന് ഷാര്‍ജ ആസ്ഥാനമായ സില്‍വര്‍ ഹോം റിയല്‍ എസ്റ്റേറ്റ് ഡയറക്ടര്‍ വി.ടി സലിം അറിയിച്ചു. ഇതിനായി അഞ്ച് ലക്ഷം രൂപ കൈമാറും.
ഈ പണം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നിര്‍ധനരായ ആളുകളെ കണ്ടെത്തി നല്‍കും. പ്രവാസികളെ ദുരന്തസമയത്തും ചേര്‍ത്തുനിര്‍ത്തിയ കൊണ്ടോട്ടി പ്രദേശവാസികളോടുമുള്ള ആദരമാണ് ഇതെന്ന് വി.ടി സലിം പറഞ്ഞു. പ്രവാസികളെ നെഞ്ചോടുചേര്‍ക്കുന്ന നാട്ടുകാരുടെ മനസ്സ് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സലിം പറഞ്ഞു.