ഷാര്‍ജ: യുഎഇ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലീസ് നടത്തുന്ന വാഹനാലങ്കാര മത്സരത്തിനായി കോടികള്‍ ചെലവഴിച്ച് മലയാളി യുവാവ് സ്വന്തമാക്കിയത് പുത്തന്‍ വാഹനം. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് അലങ്കരിച്ച ബെന്‍സ് ജി 63 ഫോര്‍വീലര്‍ ഇദ്ദേഹം എത്തിച്ചത്. ഇത് മത്സരത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശിയും ഷാര്‍ജയിലെ അല്‍മാനിയ റിയല്‍ എസ്റ്റേറ്റ് എംഡിയുമായ ഷഫീഖ് അബ്ദുറഹ്മാന്‍ ആണ് സ്വദേശികളെ പോലും ഞെട്ടിപ്പിച്ച് അടിപൊളി വാഹനവുമായി മത്സരത്തിനെത്തിയത്. പോറ്റമ്മയായ നാടിനോടുള്ള സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് അലങ്കാര മത്സരത്തില്‍ പങ്കെടുക്കുന്നതെന്നു ഷഫീഖ് പറഞ്ഞു.
കഴിഞ്ഞ ഏഴു വര്‍ഷമായി യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വാഹനാലങ്കര മത്സരത്തില്‍ ഷഫീഖിന്റെ വാഹനം മാറ്റുരക്കുന്നു. എട്ട് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന പുത്തന്‍ ഫോര്‍വീലര്‍ വാങ്ങിയതു കൂടാതെ മറ്റൊരു സവിശേഷത കൂടിയുണ്ട്. യുഎഇയിലെ അറിയപ്പെടുന്ന മലയാളി ചിത്രകാരന്‍ അഷര്‍ ഗാന്ധിയാണ് യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങള്‍ വരച്ച് വാഹനം ഡിസൈന്‍ ചെയ്തത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ സായുധ സേന ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്നിവരുടെ രേഖാ ചിത്രങ്ങള്‍ വാഹനത്തെ ഏറെ ശ്രദ്ധേയമാക്കുന്നു.
ഒഴുക്കോടെ അറബിക് സംസാരിക്കുന്ന ഷഫീഖ് 13 വര്‍ഷമായി ഷാര്‍ജയില്‍ എത്തിയിട്ട്. സുഹൃത്തുക്കള്‍ ഏറെയും സ്വദേശികളാണ്. അവരാണ് വാഹനാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ അണിനിരക്കുന്നവരില്‍ ഏറെയും സ്വദേശികളാണെന്നതിനാല്‍ അവിടെ വെന്നിക്കൊടി പാറിക്കാന്‍ പറ്റിയാല്‍ അത് ഈ നാടിന് മലയാളികള്‍ നല്‍കുന്ന ആദരവായിരിക്കുമെന്നും സമ്മാനം ലഭിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസമുണ്ടെന്നും ഷഫീഖ് പറഞ്ഞു. സുഹൃത്ത് കാസര്‍കോട് മേല്‍പറമ്പ് സ്വദേശി മജീദാണ് ഷഫീഖിന് ശക്തമായ പിന്തുണ നല്‍കുന്നത്.