കോഴിക്കോട് തെരുവോരങ്ങളെ സംഗീത കടലാക്കി മാറ്റിയ ബാബുഭായിയും കുടുംബവും ആദ്യമായി ഷാര്‍ജയില്‍ പാടുന്നു. ആദ്യമായി വിമാനത്തില്‍ കേറിയതിന്റെ പേടിയും അംബരപ്പും ഉണ്ടെങ്കില്‍ പോലും യാത്ര സുഖകരമായിരുന്നു എന്ന് ബാബു ഭായി പറഞ്ഞു. വിശ്രമമില്ലാതെയുള്ള പാട്ടും, പ്രായവും ബാബു ഭായിയുടെ ആരോഗ്യത്തെയും തൊണ്ടയെയും ബാധിച്ചു തുടങ്ങി.
മക്കളുടെ വിദ്യാഭ്യാസവും മറ്റു ചിലവുകളും ഒക്കെ മുന്നോട്ടു കൊണ്ട് പോകാന്‍ ബുദ്ധിമുട്ടൂന്ന ഈ കുടുംബത്തിന് സഹൃദയരായ നാട്ടുകാരും അഭ്യുദയ കാംഷികളുമൊക്കെയായാണ് പലപ്പോഴും തുണയാവുന്നത്. ഈ വിവരങ്ങള്‍ ഒക്കെ അറിയുന്ന ഖത്തറിലെ പ്രവാസി കൂട്ടായ്മ ഈ കുടുംബത്തെ ഖത്തറില്‍ പാടാനായി കൊണ്ടുപോയിരുന്നു. അതിന്റെ തുടര്‍ച്ചപോലെ കോഴിക്കോട്ടുകാരായ ഒരുപറ്റം സംഗീത പ്രേമികള്‍ ബാബു ഭായിക്കും കുടുംബത്തിനും ഒരു സഹായ ഹസ്തം നീട്ടുകയാണ്, ഷാര്‍ജയില്‍ ഈ ഡിസംബര്‍ ഏഴാം തിയതി ബാബു ഭായിയും കുടുംബവും പാടുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മെഗാമാളിന് സമീപമുള്ള റയാന് ഹോട്ടലില്‍ കോഴിക്കോടിലെ തെരുവിന്റെ സംഗീതം പ്രവാസ ഭൂമിയില്‍ ആസ്വാദകര്‍ക്കായി ഒരുക്കുന്നു.ബാബുഭായിയെപ്പോലെ സെലിബ്രിറ്റി അല്ലാത്ത ഒരു കലാകാരനെ മുഖ്യധാര കണ്ടില്ല എന്ന് നടിക്കുമ്പോള്‍, അവഗണിക്കപ്പെട്ടു പോകുന്ന അനേകം ബാബുഭായിമാരെ ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്ന് സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. ഷാജി വടകര പറയുന്നു.
സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായ ഈ കാലത്ത്. ധാരാളം അവസരങ്ങള്‍ നമുക്ക് തുറന്നു കിട്ടുന്നുണ്ട്. ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി തന്നെ ഇത്തരം കലാകാരന്മാരെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും അവര്‍ക്കു കൂടുതല്‍ വേദികള്‍ ഒരുക്കാനും നമുക്ക് സാധിക്കും, അത്തരം നീക്കങ്ങള്‍ അവര്‍ക്കു സഹായമാകുകയും അവരുടെ ജീവിതം സുരക്ഷിതമാക്കാന്‍ വഴികള്‍ തുറന്നുകിട്ടുകയും ചെയ്യുമെന്ന ശുഭ പ്രതീക്ഷയിലാണ് സംഘാടകര്‍.
ഷാര്‍ജ അല്‍ ഖാസിമിയയില്‍ മെഗാ മാളിന് സമീപം ഉള്ള റയാന് ഹോട്ടലില്‍ ഡിസം: 7 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് സംഗീത പരിപാടി ആരംഭിക്കുന്നത്. സിനിമാതാരവും റേഡിയോ അവതാരകനുമായ മിഥുന് ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
Discussion about this post