ദുബായ്: ലോക്ക്ഡൗൺ കാലത്ത് യുഎഇയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ പ്രവാസികൾക്ക് കെഎംസിസി ചാർട്ടേഡ് വിമാനങ്ങളിലെ ടിക്കറ്റ് വിറ്റത് അമിത നിരക്ക് ഈടാക്കിയെന്ന് ആരോപണം. ഷാർജയിലെയും ദുബായിയിലെയും ചാർട്ടേഡ് വിമാന ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് കെഎംസിസിയിൽ വിവാദം കത്തുകയാണ്. ലാഭം മാത്രം ലക്ഷ്യമിട്ട് ദുബായ് കെഎംസിസി ചാർട്ടേഡ് വിമാനസർവീസ് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന ആരോപണവുമായി ഷാർജ കെഎംസിസിയാണ് ഒടുവിൽ രംഗത്തെത്തിയത്. ഷാർജ കെഎംസിസിസി ജനറൽ സെക്രട്ടറി അബ്ദുൽ കാദർ വാർത്താസമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്.
അതേസമയം, ടിക്കറ്റിന് അമിത നിരക്ക് ഈടാക്കിയത് കാദറിന്റെ നേതൃത്വത്തിലാണെന്നും ഇതിന്റെ പേരിൽ അദ്ദേഹത്തെ പുറത്താക്കിയെന്നുമാണ് ദുബായ് കെഎംസിസി നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ട്രാവൽ ഏജൻസികൾക്ക് പാരയായി പ്രവാസി സംഘടനകൾ ടിക്കറ്റ് കച്ചവടം നടത്തുന്നുവെന്ന വാർത്ത വ്യാപകമായി ചർച്ചയായതോടെയാണ് ദുബായ്-ഷാർജ കമ്മിറ്റികൾ തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമായത്. ഒരു ടിക്കറ്റിന് 200 ദിർഹം (4000 രൂപ) വരെ ലാഭമെടുത്താണ് ഷാർജ കെഎംസിസി ടിക്കറ്റ് വിറ്റതെന്നും ആരോപണമുയർന്നിരുന്നു.
എന്നാൽ, ഇതിൽ സംഘടനക്ക് പങ്കില്ലെന്നും ജനറൽ സെക്രട്ടറി അബ്ദുൽ കാദറിന്റെ അറിവോടെ മറ്റുള്ളവരുമായി ചേർന്നാണ് ഈ വിമാനം ചാർട്ട് ചെയ്തതെന്നുമായിരുന്നു ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ആരോപിച്ചത്. ഇതിന്റെ പേരിൽ കാദറിനെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും അതിനുള്ള അധികാരം ഇബ്രാഹിം എളേറ്റിലിനില്ലെന്നും അബ്ദുൽ കാദർ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ സമിതിയുടെ അനുമതിയില്ലാതെ രസീത് അടിച്ചതുമായി ബന്ധപ്പെട്ട് തൽകാലം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്ന് കത്ത് കിട്ടിയതാണ് തന്നെ സംഘടനയിൽ നിന്ന് പുറത്താക്കി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും കാദർ പറഞ്ഞു.
എയർലൈനുകളിൽ നിന്ന് കിട്ടിയ അതേ നിരക്കിലാണ് ഷാർജയിൽ നിന്ന് കേരളത്തിലേക്ക് വിമാനം സർവീസ് നടത്തിയത്. എന്നാൽ, ദുബായ് കെഎംസിസി യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയാണ് വിമാനം ചാർട്ടർ ചെയ്യുന്നത്. ഈ ആഴ്ച ഷെഡ്യൂൾ ചെയ്യുന്ന വിമാനങ്ങളിൽ ഓരോ യാത്രക്കാരനിൽ നിന്നും 100 ദിർഹം അധികം വാങ്ങിക്കുന്നുണ്ട്. 725 ദിർഹമിന് ലഭിക്കുന്ന ടിക്കറ്റാണ് 825ന് വിൽകുന്നത്. ഇത് മറച്ചുവെക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കാദർ തിരിച്ചടിച്ചു.
ലോക്ക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും കാരണം മുടങ്ങിയ വിമാന സർവീസുകൾ കാരണം ദുരിതത്തിലായ അനേകം പ്രവാസികൾക്ക് കെഎംസിസി ഉൾപ്പടെയുള്ള പ്രവാസി സംഘടനകൾ ഒരുക്കിയ ചാർട്ടേഡ് വിമാനങ്ങൾ ഏറെ ആശ്വാസമായിരുന്നു. എന്നാൽ അമിത നിലരക്കിലുള്ള ടിക്കറ്റ് വിൽപ്പനയും ടിക്കറ്റ് ചാർജ്ജ് വർധനയും ഈ സർവീസുകളെ വിവാദത്തിലാക്കിയിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് കെഎംസിസി കൊള്ളലാഭം കൊയ്‌തെന്ന വാർത്തയും പുറത്തുവരുന്നത്.