ഷാര്‍ജ: ഷാര്‍ജയിലെ ദൈദില്‍ മലയാളി യുവ എഞ്ചിനീയര്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ 24കാരനായ സുമേഷ് ആണ് ബഹുനില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിച്ചത്. സംസാരിച്ചിരിക്കെ ദേഷ്യത്തോടെ മൊബൈല്‍ തറയിലേക്ക് വലിച്ചെറിഞ്ഞ ശേഷം ബാല്‍ക്കണിയില്‍ നിന്നും ചാടുകയായിരുന്നു.
ചില സ്വകാര്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നെങ്കിലും ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് ഒപ്പം താമസിക്കുന്നവരും സുഹൃത്തുക്കളും പറയുന്നു. അപ്രതീക്ഷിത സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ് ഇവര്‍. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ സുമേഷ് ഷാര്‍ജ മുവൈലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇദ്ദേഹം യുഎഇയില്‍ എത്തിയത്.
ബലിപെരുന്നാള്‍ അവധിയായതിനാല്‍ സുഹൃത്തുക്കളോടൊപ്പം ആഘോഷത്തില്‍ പങ്കുകൊള്ളുകയായിരുന്നു. വൈകീട്ട് ഏഴരയ്ക്ക് ശേഷം ഫോണില്‍ സംസാരിച്ചിരിക്കെ ദേഷ്യത്തോടെ മൊബൈല്‍ തറയിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം ബാല്‍ക്കണിയിലേയ്ക്ക് പോവുകയും അതുവഴി താഴേയ്ക്ക് ചാടുകയായിരുന്നു. ഞൊടിയിടയില്‍ നടന്ന സംഭവം സുഹൃത്തുക്കള്‍ക്ക് സ്തബ്ധരായി നോക്കി നില്‍ക്കാനേ സാധിച്ചൊള്ളൂ.
അവിവാഹിതനായ സുമേഷ് ഇടയ്ക്കിടെ ഫോണിലൂടെ ഇത്തരത്തില്‍ ദേഷ്യപ്പെടുന്നത് പലരും കണ്ടിട്ടുണ്ട്. പലപ്പോഴും വിഷാദത്തോടെ ഇരിക്കുന്നതിനും സാക്ഷികളാണ്. എന്താണ് അലട്ടുമെന്ന പ്രശ്‌നമെന്ന് കൂട്ടുകാര്‍ ചോദിച്ചപ്പോഴെല്ലാം സുമേഷ് ഒഴിഞ്ഞുമാറിയിരുന്നുവെന്നും ഇവര്‍ പറയുന്നു. തന്റെ പ്രശ്‌നം താന്‍ തന്നെ പരിഹരിച്ചോളാമെന്നായിരുന്നു മിക്കപ്പോഴും മറുപടി.
പോലീസ് ഉടന്‍ സ്ഥലത്തെത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് ഫോറന്‍സിക് അന്വേഷണത്തിനായി മാറ്റി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബുധനാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് വിവരം. സുരേന്ദ്രന്‍-ഓമന ദമ്പതികളുടെ മകനാണ് സുമേഷ്.
Discussion about this post