ദുബായ്: മകളുടെ വിവാഹദിവസം ദുബായിയില്‍ രക്തദാനം ചെയ്ത് ഹീറോയായി പ്രവാസിയായ പിതാവ്. മഹാമാരിക്കാലത്ത് നാട്ടില്‍ നടന്ന മൂത്ത മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ മനോവേദന അകറ്റാനാണ് അതേദിവസം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നല്ല കാര്യത്തിനായി തൃശൂര്‍ തൊയക്കാവ് പള്ളിപ്പാട്ട് ഹൗസില്‍ ജലാല്‍ ഇറങ്ങിത്തിരിച്ചത്.
ആഗസ്റ്റ് 1നായിരുന്നു ജലാലിന്റെ മകള്‍ ജൗഹറയുടെയും റാഫിയുടേയും വിവാഹം. തൃശൂര്‍ മദര്‍ കോളജില്‍ സൈക്കോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജൗഹറയ്ക്ക് ദുബായില്‍ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ റാഫിയുടെ വിവാഹാലോചന നേരത്തെ വന്നതായിരുന്നു.
ബിരുദ പഠനത്തിന് ശേഷം ചടങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വിവാഹം ഈ മാസം 1ന് ഉറപ്പിക്കേണ്ടിവന്നു. വിവാഹ ശേഷം തുടര്‍പഠനം കോഴിക്കോട് നടത്തുമെന്ന് പുതുമാരന് ഉറപ്പു നല്കിയതു ഇതിനു പിന്‍ബലമായി. എന്നാല്‍, വധുവിന്റെ പിതാവില്ലാതെ വിവാഹം നടത്തുക എന്ന കുറവ് ആദ്യം കുടുംബക്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
ജൗഹറയും ഭാര്യ റാഹില, മറ്റു മക്കളായ ജസിയ, ജിഷാന്‍ എന്നിവരും ജലാലില്ലാതെ ഒന്നും നടക്കില്ലെന്ന നിലപാടിലായിരുന്നു. ജലാലിനും ആദ്യം ഇത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ജലാല്‍ നാട്ടിലേയ്ക്ക് ചെല്ലുകയാണെങ്കില്‍ 28 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാന്‍ പോലുമാകൂ. അത്രയും നാള് കാത്തിരിക്കാന്‍ മണവാളനും കൂട്ടര്‍ക്കും ആകുമായിരുന്നില്ല.
അതോടെ മകളുടെ ഭാവിയെ കരുതി ഒടുവില്‍ ജലാല്‍ സമ്മതിക്കുകയായിരുന്നു. ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളിലൊന്നാണ് കഴിഞ്ഞുപോയത് എന്നറിയാം. എന്നാല്‍, ആ ദുഃഖം രക്തദാനത്തിലൂടെ മറികടന്നു”ജലാല്‍ പറയുന്നു. പതിവായി രക്തം ദാനം ചെയ്യാറുള്ള ഇദ്ദേഹത്തോടൊപ്പം ഇപ്രാവശ്യം സുഹൃത്തുക്കളായ സുനില്‍, നസ്റു, ജാഫര്‍ എന്നിവരും പങ്കെടുത്തു.
സംഭവമറിഞ്ഞ് യുഎഇയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ജലാലിനെ വിളിച്ച് വധൂവരന്മാര്ക്ക് ആശംസകള്‍ കൈമാറിയതോടൊപ്പം, ഈ ദിനത്തില്‍ പുണ്യപ്രവൃത്തി ചെയ്തതിന് അഭിനന്ദിക്കുകയും ചെയ്തു. ”ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ ഹീറോ ആകണമെന്നായിരുന്നു ആഗ്രഹം. അത് ഇത്തരമൊരു അവസരത്തിലായതില് ഏറെ സന്തോഷം”ജലാല്‍ പറയുന്നു. ദുബായ് ബെല്‍ഹാസ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്സ്ട്രക്ടറാണ് ജലാല്‍.
Discussion about this post