അബുദാബി: ബലിപെരുന്നാള്‍ ദിനത്തില്‍ നന്മ നിറഞ്ഞ പ്രവര്‍ത്തിയുമായി മലയാളി സഹോദരങ്ങള്‍. ഹജ്ജിനായി കരുതി വെച്ച പണം നാട്ടിലെത്താന്‍ വിഷമിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുകയാണ് ചെയ്തത്. യുഎഇയില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്കാണ് എട്ട് മലയാളി സഹോദരങ്ങള്‍ സഹായം നല്കി രംഗത്ത് വന്നത്.
ഏഴ് എമിറേറ്റുകളിലായി കുടുങ്ങിയ പ്രവാസി ഇന്ത്യക്കാര്‍ക്കാണ് അല്‍ ഐനില്‍ താമസിക്കുന്ന സഹോദരങ്ങള്‍ സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കിയത്. സഹോദരങ്ങളിലൊരാളായ അബ്ദുമോന് അബ്ദുല്‍ മജീദാണ് ഇത്തരമൊരു ആശയം മുമ്പോട്ട് വെച്ചത്. മറ്റ് സഹോദരങ്ങളും ഇതിനെ പിന്തുണച്ച് രംഗത്ത് വരികയായിരുന്നു. കഴിഞ്ഞ 30ഓളം വര്‍ഷത്തോളമായി അല്‍ ഐനില്‍ ജോലി ചെയ്ത് വരികയാണ് സഹോദരങ്ങളായ മജീദ്, അലി കരീം, ശിഹാബ്, മുഹമ്മദ് ബഷീര്‍, ഫൈസല്‍, ശിഹാബുദ്ദീന് എന്നിവര്‍.
സഹോദരങ്ങളില്‍ മറ്റ് രണ്ട്പേരായ അബൂബക്കറും മുഹമ്മദ് കുട്ടിയും തിരികെ നാട്ടിലെത്തി ഇനിയുള്ള കാലം മലപ്പുറത്ത് ജീവിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ്. മറ്റുള്ളവരെ സഹായിക്കാന്‍ ദൈവം നമുക്ക് പ്രാപ്തി നല്കുമ്പോള് നാമത് ചെയ്യണം. ദൈവത്തിന്റെ അനുഗ്രഹം മൂലമാണ് മറ്റുള്ളവരെ സഹായിക്കാനായതെന്ന് അലി കരീം പ്രതികരിച്ചു. പ്രവാസി മടക്കത്തിനായി സഹായം നല്കാന് തീരുമാനിച്ചപ്പോള്‍ തന്നെ എല്ലാ എമിറേറ്റിലെയും പ്രവാസികള്‍ക്ക് തങ്ങളുടെ സഹായം എത്തിക്കണമെന്ന് ഉറപ്പിച്ചിരുന്നെന്ന് കരീം പറയുന്നു. കെഎംസിസി താനൂര്‍ കമ്മിറ്റി അംഗങ്ങളായ തങ്ങളുടെ സേവനം യുഎഇയിലെ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎംസിസി പ്രവര്‍ത്തകരായ ഷെരീഫ് എംപിയും അന്‍വര്‍ കെവിയും ചേര്‍ന്നാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നത് ഏകോപിപ്പിച്ചത്. പത്തായപുര സഹോദരങ്ങള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. പന്ത്രണ്ടോളം പ്രവാസികള്‍ക്ക് ഇവര്‍ നല്കിയ സൗജന്യ ടിക്കറ്റ് ലഭിച്ചതായി കെഎംസിസി അംഗം ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
Discussion about this post