അബൂദബി: മലയാളി ദമ്പതികളെ അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും 58കാരനുമായ ജനാര്‍ദ്ദനനും ഭാര്യ മിനിജയുമാണ് മരിച്ചത്. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
അബൂദബി മദീന സായിദിലെ ഫ്ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലുള്ള മകനും അബൂദബിയിലെ സുഹൃത്തുക്കള്‍ക്കും ഇവരെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. ഫലമില്ലാതെ വന്നപ്പോള്‍ മകന് സുഹൈല്‍ ജനാര്ദനന് ഇമെയില്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് അബൂദബി പോലീസ് അന്വേഷണം ആരംഭിച്ചു. മലാപ്പറമ്പ് പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനനും മിനിജയും താമസിച്ചിരുന്ന ഫ്ളാറ്റിലെത്തിയ പോലീസ് എത്ര വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറക്കാതെ വന്നതോടെ വാതില്‍ ഇടിച്ചു തുറന്ന് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അബൂദബിയിലുള്ള ജനാര്ദ്ദനന് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്ലാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നു.
ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ട്രാവല്‍ ഏജന്‍സിയിലെ അക്കൗണ്ടന്റായിരുന്നു ജനാര്‍ദ്ദന്‍. ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
Discussion about this post