അറബ് ലോകത്തെ ആദ്യ ചൊവ്വാ ദൗത്യം; ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന് ‘അല്‍ അമല്‍’

ടോക്കിയോ: അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ‘അല്‍ അമല്‍’ ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ജപ്പാനിലെ തനേഗാഷിമയില്‍ നിന്ന് യുഎഇ സമയം പുലര്‍ച്ചെ 1:54 നായിരുന്നു പേടകത്തിന്റെ വിക്ഷേപണം.

പ്രത്യാശാ എന്ന് അര്‍ഥം വരുന്ന ‘അല്‍ അമല്‍’ എന്ന് പേരിട്ട പദ്ധതിയുടെ കൗണ്‍ഡൗണ്‍ അറബിയിലായിരുന്നു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയില്‍ കൗണ്ട്ഡൗണിനും ലോകം സാക്ഷിയായി.

200 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പേടകത്തിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസിലാക്കാനുള്ള ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജര്‍, ഓക്‌സിജന്റെയും ഹൈഡ്രജന്റെയും തോത് നിര്‍ണയിക്കാനുള്ള അള്‍ട്രാവയലറ്റ് സ്‌പെക്ട്രോ മീറ്റര്‍ എന്നിവയാണവ. ഹോപ്പ് ഒരു ചൊവ്വാവര്‍ഷം അഥവാ 687 ദിവസം ചൊവ്വയെ വലം വെക്കും. ചൊവ്വയുടെ സമ്പൂര്‍ണചിത്രം പകര്‍ത്തും. ചൊവ്വയിലെ കാലാവസ്ഥയെയും അന്തരീക്ഷത്തെയും കുറിച്ച് പഠനം നടത്തും.

Exit mobile version