ന്യൂഡൽഹി: യുഎഇയിൽ നിന്നും ചാർട്ടർ വിമാനങ്ങൾ മതിയായ അനുമതിയില്ലാതെ സർവീസ് നടത്തുന്നതിന് എതിരെ കേന്ദ്രസർക്കാർ. യുഎഇയിൽ നിന്ന് വരുന്ന അനുമതിയില്ലാത്ത ചാർട്ടർ വിമാനങ്ങൾ ഇവിടെ ഇറങ്ങാൻ അനുവദിക്കരുതെന്ന് വ്യോമയാന റെഗുലേറ്റർ ഡിജിസിഎ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഎഐ) ആവശ്യപ്പെട്ടു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എഎഐക്ക് അയച്ച കത്തിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില ചാർട്ടർ ഫ്‌ളൈറ്റുകൾ സർവീസ് നടത്തുന്നതിന് ആവശ്യമായ അനുമതി സംസ്ഥാന സർക്കാരുകളിൽ നിന്ന് നേടിയിട്ടില്ലായിരുന്നെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഇഈ സാഹചര്യത്തിൽ യുഎഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ അനുമതി ഇറങ്ങേണ്ട വിമാനത്താവളത്തിലെ എടിസിക്ക് (എയർ ട്രാഫിക് കൺട്രോൾ) എയർലൈൻ സമർപ്പിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഡിജിസിഎ കൂട്ടിച്ചേർത്തു.
രാജ്യത്തെ മിക്ക വിമാനത്താവളങ്ങളും അവയുടെ എടിസികളും എയർപോർട്ട് അതോറിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. മേൽപ്പറഞ്ഞ അനുമതി നൽകിയില്ലെങ്കിൽ എടിസി വരവ് അനുവദിക്കില്ലെന്നും ഡിജിസിഎ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം മൂലം രണ്ട് മാസത്തേക്ക് നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവീസ് മെയ് 25 മുതൽ ഇന്ത്യയിൽ പുനരാരംഭിച്ചിട്ടുണ്ട്.
മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ ഇന്ത്യയിൽ ഇപ്പോഴും നിർത്തിവച്ചിരിക്കുന്നു. വിദേശത്തുനിന്നുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് വന്ദേ ഭാരത് മിഷൻ പ്രകാരം പ്രത്യേക സർവീസ് എയർഇന്ത്യ മുഖേന കേന്ദ്ര വിദേശകാര്യമന്ത്രാലയം നടത്തുന്നുണ്ട്. ഇതുകൂടാതെ ചാർട്ടർ വിമാനങ്ങളും ഗൾഫിൽനിന്ന് ഉൾപ്പടെ സർവീസ് നടത്തുന്നുണ്ട്.
Discussion about this post