മനാമ: കൊവിഡ് 19 വൈറസ് ബാധമൂലം മലയാളി സാമൂഹിക പ്രവര്ത്തകന് ബഹ്റൈനില്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ആനന്ദപ്പള്ളി സ്വദേശി സാം സാമുവേല്‍ ആണ് മരിച്ചത്. 51 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഒരു മാസത്തോളം ഇദ്ദേഹം ചികിത്സയിലായിരുന്നു. ചുമയെ തുടര്‍ന്ന് ജൂണ്‍ 11 ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ ബിഡിഎഫ് ആശുപത്രിയിലേക്ക് മാറ്റി ചികിസ തുടങ്ങിയെങ്കിലും ന്യൂമോണിയയെ തുടര്‍ന്ന് സ്ഥിതി ഗുരുതരമാവുകയായിരുന്നു.
സാമൂഹിക പ്രവര്‍ത്തകനായ സാം സാമുവേല്‍ ബഹ്റൈനിലെ കാരുണ്യ-സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അദ്ദേഹം മുന്‍കൈയെടുത്ത് രൂപീകരിച്ച സബര്‍മതി കള്‍ച്ചറല്‍ ഫോറം കൊവിഡ് കാരണം ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്കുന്ന പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിവിധ ലേബര്‍ ക്യാമ്പുകളിലായി 1600 തൊഴിലാളികള്‍ക്കാണ് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചത്. ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായ സാം 25 വര്‍ഷമായി പ്രവാസലോകത്തുണ്ട്. ഭാര്യ : സിസിലി സാം, മക്കള്‍ : സിമി സാറ സാം, സോണി സാറ സാം
ഇതുവരെ നാല് മലയാളികളാണ് കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ മരിച്ചത്. ആകെ 117 പേരാണ് മരിച്ചത്. നിലവില്‍ 4123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും ബഹ്റൈനില്‍ മുന്നിലാണ്. ഇതുവരെ 30,320 പേരാണ് രോഗമുക്തി നേടിയത്.
Discussion about this post