റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം പെരിന്തല്‍മണ്ണ അരക്കുപറമ്പ് പുത്തൂര്‍ ഓങ്ങോട്ടില്‍ സ്വദേശി വലിയ പീടികക്കല്‍ അബ്ദുറഹീം ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.ദക്ഷിണ സൗദിയിലെ അബഹയിലായിരുന്നു അപകടം.
തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. സ്‌പോണ്‍സര്‍ക്ക് മരുന്ന് വാങ്ങാനായി ടൗണില്‍ വാഹനം നിര്‍ത്തി മെഡിക്കല്‍ ഷോപ്പിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം അബ്ദുറഹീമിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
സ്വദേശി പൗരന്റെ വാഹനം വന്നിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച് വീണ് അബ്ദുറഹീം തത്സമയം തന്നെ മരിച്ചു. അല്‍ബാഹ റോഡില്‍ അബഹയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ സബ്ത് അല്‍അലായ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.
14 വര്‍ഷമായി പ്രവാസിയായ അബ്ദുറഹീം ജിദ്ദയിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സ്‌കൂള്‍ അവധി ആയതിനാല്‍ സ്‌പോണ്‍സറുടെ ജന്മനാടായ സബ്തു അല്‍അലായയില്‍ മൂന്ന് ദിവസം മുമ്പാണ് എത്തിയത്. പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: ആയിഷ.
ഭാര്യ: ഷബ്‌ന ഷെറിന്‍, മക്കള്‍: ദിയ ഫര്‍ഷ (അഞ്ച്), റൂഹ (രണ്ട്). സഹോദരങ്ങള്‍: റജൂബ, റൈഹാനത്ത്, റജീന. സഹോദരീ ഭര്‍ത്താക്കന്മാര്‍: മുസ്തഫ, അയ്യൂബ്, റഫീഖ്. സബ്ത് അല്‍അലായ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അലായ പ്രസിഡന്റ് നാസര്‍ നാട്ടുകല്‍ രംഗത്തുണ്ട്.