കൊവിഡ് നിയന്ത്രണങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 ഇന്ത്യക്കാരെ സിംഗപ്പൂര്‍ നാട് കടത്തി

സിംഗപ്പുര്‍: കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പത്ത് ഇന്ത്യക്കാരെ സിംഗപ്പൂര്‍ നാട് കടത്തി. വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെയാണ് സിംഗപ്പൂര്‍ നാടുകടത്തിയത്. ഇനി രാജ്യത്തേക്ക് തിരിച്ചുവരാന്‍ ഇവരെ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.

വാടകയ്ക്കെടുത്ത താമസസ്ഥലത്ത് നിയമം ലംഘിച്ച് ഒത്തുകൂടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ജോലി ചെയ്തിരുന്നവരും വിദ്യാര്‍ത്ഥികളും അടക്കമുള്ളവരെ നാടു കടത്തിയതെന്ന് സിംഗപ്പുര്‍ പോലീസും എമിഗ്രേഷന്‍ ആന്‍ഡ് ചെക്ക്പോയിന്റ് അതോറിറ്റിയും വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നേരത്തെ 2000 മുതല്‍ 4500 സിംഗപ്പുര്‍ ഡോളര്‍വരെ പിഴ ചുമത്തപ്പെട്ടവരാണ് വീണ്ടും നിയമലംഘനം നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.

ഇവര്‍ക്ക് അനുവദിച്ചിരുന്ന പാസുകളെല്ലാം റദ്ദാക്കിയിട്ടുണ്ടെന്നും നാടു കടത്തുകയാണെന്നും രാജ്യത്തേക്ക് തിരിച്ചുവരാന്‍ ഇനി അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സാമൂഹികഅകലം പാലിക്കല്‍ അടക്കമുള്ളവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസയും വര്‍ക്ക് പാസും റദ്ദാക്കുമെന്നും സിംഗപ്പുര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version