സൗദിയില്‍ താമസ്ഥലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മലയാളി ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ താമസസ്ഥലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി പക്കിയന്‍ മരക്കാര്‍ കുട്ടി ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെയായിരുന്നു കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞത്.

പനി ബാധിച്ച് ആദ്യം ഖഅ്മ ജനറല്‍ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. തുടര്‍ന്ന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അദ്ദേഹത്തോട് താമസസ്ഥലത്ത് തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും അദ്ദേഹം താമസസ്ഥലത്തുതന്നെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം ഖഹ്മ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സൗദി അറേബ്യയിലെ ശുഖൈഖിന് സമീപം ഹറൈദയില്‍ ബ്രോസ്റ്റഡ് കടയില്‍ ജീവനക്കാരനാണ് മരക്കാര്‍ കുട്ടി.

25 വര്‍ഷമായി സൗദിയിലുള്ള മരക്കാര്‍ ജിദ്ദയിലും മഹായിലിലും ജോലി ചെയ്തിരുന്നു. ഹറൈദയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷമായി. രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യാ സഹോദരന്‍ സെയ്തലവി മേമാട്ടുപാറ ഹറൈദയിലുണ്ട്. പിതാവ്: കൂനായില്‍ യൂസുഫ്, മാതാവ്: ആമി പൂവഞ്ചേരി.

ഭാര്യ: അസ്മാബി, മക്കള്‍: മുഹമ്മദ് അമീന്‍ യൂസുഫ്, അന്നത്ത് ഫാത്തിമ, അംനാ ശറിന്‍, അംനാ ജബിന്‍, മരുമകന്‍: യാസര്‍ ചുഴലി മൂന്നിയ്യൂന്‍. സഹോദരി: റസിയ. ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവും ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായി, ദര്‍ബ് കെഎംസിസി നേതാക്കളായ സുല്‍ഫി വെള്ളിയഞ്ചേരി, ശിഹാബ് എടവണ്ണ, ഫൈസല്‍ മഞ്ചേരി, ശമീം പരപ്പനങ്ങാടി എന്നവര്‍ മരണാനന്തര നടപടികള്‍ക്കായി രംഗത്തുണ്ട്.

Exit mobile version