വിസയും രേഖകളും പുതുക്കാൻ ഇനി ഫീസ് വേണം; പ്രവാസികൾക്ക് മൂന്ന് മാസത്തെ ഇളവ്: യുഎഇ

ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രാജ്യത്തെ വിസാനിയമങ്ങളിലെ മാറ്റങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് ആക്കി യുഎഇ. ഏർപ്പെടുത്തിയ ഇളവുകൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ യുഎഇ ഒട്ടേറെ ഭേദഗതികൾ വരുത്തുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുകയും സാഹചര്യം പഴയ നിലയിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗം ചില ഭേദഗതികൾക്ക് രൂപം നൽകിയത്.

താമസ വിസ, സന്ദർശക വിസ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ കാര്യത്തിലെല്ലാം ഭേദഗതിയുണ്ട്. ഇതുവരെ ഈ കാര്യങ്ങളിലുണ്ടായിരുന്ന മാറ്റങ്ങളും ഇളവുകളും ജൂലായ് 11ന് അവസാനിക്കും. ജൂലായ് 12 മുതൽ രേഖകൾ പുതുക്കാനും മറ്റും നിശ്ചിത ഫീസ് ഈടാക്കും. താമസ വിസ ഉൾപ്പെടെയുള്ള രേഖകൾ പുതുക്കിയെടുക്കുന്നതിന് പൗരന്മാർക്കും പ്രവാസികൾക്കും മൂന്ന് മാസത്തെ കാലാവധി ഇളവായി അനുവദിച്ചിട്ടുണ്ട്.

* യുഎഇക്ക് പുറത്ത് ആറ് മാസത്തിൽ കുറവ് താമസിക്കേണ്ടിവന്നവർക്ക് അവർ രാജ്യത്ത് പ്രവേശിച്ചത് മുതൽ ഒരു മാസം രേഖകൾ പുതുക്കാൻ കാലാവധി ഉണ്ടായിരിക്കും.
* 2020 മാർച്ച് ഒന്നിന് രേഖകളുടെ കാലാവധി അവസാനിക്കുകയോ ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കുകയോ ചെയ്തവർക്ക് അവർ യുഎഇയിൽ തിരിച്ചെത്തുന്നതിന് പ്രത്യേക കാലാവധി ഇളവായി ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുന്ന തീയതി മുതലായിരിക്കും ഈ ഇളവ്. ഓരോ രാജ്യത്തുനിന്നുമുള്ളവരുടെ ഇളവ് കാലാവധി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് നിശ്ചയിക്കും.
* കാലാവധി കഴിഞ്ഞ് ശരിയാക്കുന്ന രേഖകൾക്ക് നിശ്ചിത ഫീസിന് പുറമെ പിഴയും നൽകേണ്ടിവരും. കാലാവധിക്കുള്ളിൽ രേഖകൾ ശരിയാക്കുന്നവരിൽനിന്ന് പിഴ ഈടാക്കില്ല.
* ജൂലായ് 12 മുതൽ എല്ലാ സേവനങ്ങൾക്കും ഫീസ് ഈടാക്കുന്നതായിരിക്കും..

Exit mobile version