ദുബായ്: വിദേശത്തോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ വെച്ച് മരിക്കുന്ന പ്രവാസികളായ കേരളീയരുടെ മൃതദേഹം സ്വന്തം നാട്ടിലെത്തിക്കാന്‍ കാരുണ്യം പദ്ധതിപ്രകാരം നോര്‍ക്ക റൂട്ട്സ് സഹായം നല്‍കുമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
പ്രവാസിയുടെ അവകാശികള്‍ക്ക് മൃതദേഹം വിമാനത്തിലോ തീവണ്ടിയിലോ ചെലവുകുറഞ്ഞ രീതിയില്‍ എത്തിക്കാനാണ് സഹായം നല്‍കുന്നത്. മൃതദേഹം നാട്ടിലെത്തിച്ചശേഷം ചെലവായ തുക നോര്‍ക്ക കാരുണ്യനിധിയില്‍നിന്ന് അനുവദിക്കുകയാണ് ചെയ്യുക. വിദേശത്തുവെച്ചുണ്ടായ മരണത്തിന് പരമാവധി അരലക്ഷം രൂപയും ഇതരസംസ്ഥാനത്ത് വെച്ചുണ്ടായ മരണത്തിന് 15,000 രൂപയുമാണ് ഇതനുസരിച്ച് അനുവദിക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു.
മൃതദേഹങ്ങള്‍ക്ക് പുറമേ അസുഖബാധിതരായ പ്രവാസികളെയും വിമാനത്താവളത്തില്‍നിന്ന് നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യവും നോര്‍ക്ക റൂട്ട്സ് ഒരുക്കുന്നുണ്ട്.വിദേശ രാജ്യങ്ങളില്‍വെച്ച് മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുസംബന്ധിച്ച പ്രശ്നങ്ങളും പ്രതിവിധികളും ക്രോഡീകരിച്ച് സര്‍ക്കാരിന് മുന്നിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് സോമി സോളമന്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന് നിലവില്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍, ദുരനുഭവങ്ങള്‍, വിമാനക്കമ്പനികളുടെ നിലപാട് തുടങ്ങിയ വിഷയങ്ങളും ക്രിയാത്മക പരിഹാര നിര്‍ദേശങ്ങളുമാണ് സമര്‍പ്പിക്കേണ്ടത്. സാമൂഹിക പ്രവര്‍ത്തകര്‍, സംഘടനാ ഭാരവാഹികള്‍, വനിതാ കൂട്ടായ്മകള്‍, മാധ്യമപ്രവര്‍ത്തകര്‍, തൊഴിലാളികള്‍, ദുരനുഭവം നേരിട്ട വ്യക്തികളും ബന്ധുക്കളും സുഹൃത്തുക്കളും എന്നിവര്‍ക്കെല്ലാം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ നല്‍കാം.
Discussion about this post