അബുദാബി: ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഗള്‍ഫ് നാടുകളിലും കോവിഡ് പിടിമുറുക്കി. ഇതിനോടകം അഞ്ചുലക്ഷത്തി എണ്ണായിരത്തിലധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 58 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3234 ആയി ഉയര്‍ന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയുന്നില്ല. രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിതരെ കണ്ടെത്താന്‍ ഫലപ്രദമായ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് യുഎഇ.
പോലീസ് നായയെ ഉപയോഗിച്ച് കോവിഡ് രോഗികളെ എളുപ്പത്തില്‍ കണ്ടുപിടിക്കുന്ന സംവിധാനത്തിനാണ് യുഎഇയില്‍ തുടക്കം കുറിച്ചത്. നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗികളെ കണ്ടെത്തുന്നത്. ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിച്ച് അടച്ച ശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. ഒരേസമയം നിരവധി ആളുകളുടെ സാംപിളുകള്‍ മണപ്പിക്കുമ്പോള്‍ രോഗലക്ഷണമുള്ള വ്യക്തികളുടെ സാംപിളിനരികില്‍ മാത്രമേ പോലീസ് നായ നില്‍ക്കൂ.
92% കൃത്യതയോടെയുള്ള ഫലമാണ് ലഭിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇത്തരം പരിശോധനകള്‍ വ്യാപകമാക്കാനാണ് അധികൃതരുടെ തീരുമാനം. രോഗികളുടെ എണ്ണം അഞ്ചുലക്ഷം പിന്നിട്ടതോടെ പ്രിരോധ പ്രവര്‍ത്തനങ്ങള്‍ ശ്ക്തമാക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.