പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; യുഎഇയിലെ സ്വകാര്യ ജെറ്റുകള്‍ക്കുള്ള അനുമതിയും ഇന്ത്യ റദ്ദാക്കി

മനാമ: പ്രവാസികളെ കൊണ്ടുവരുന്നതിന് യുഎഇയിലെ സ്വകാര്യ ജെറ്റുകള്‍ക്ക്
നല്കിയിരുന്ന അനുമതി ഇന്ത്യ റദ്ദാക്കി. പുതിയ അനുമതി നല്‍കുന്നതും ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) നിര്‍ത്തി.

ഒരു അറിയിപ്പുണ്ടാകുന്നതുവരെ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നല്‍കിയിരുന്ന ലാന്‍ഡിംഗ് പെര്‍മിറ്റാണ് പിന്‍വലിച്ചത്. പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ യുഎഇ അനുമതി നല്‍കിയ പാശ്ചാത്തലത്തില്‍ കമ്പനികള്‍ അവധിക്ക് പോയ ജീവനക്കാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പറഞ്ഞ തീയതിക്കകം ഹാജരായില്ലെങ്കില്‍ ജോലി നഷ്ടപ്പെടും. ഇന്ത്യ വിമാന സര്‍വീസ് പുനരാരംഭിക്കാത്തത് ഇവരെ കടുത്ത ആശങ്കയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് സ്വകാര്യ ജെറ്റുകളെ ആശ്രയിക്കേണ്ടിവന്നത്.

ഉയര്‍ന്ന തുകയായിട്ടും നിരവധി പേരാണ് സ്വകാര്യ ജെറ്റുകളില്‍ തിരിച്ചുവരുന്നത്. നിരവധി കമ്പനികളും നാട്ടില്‍ കുടുങ്ങിയ പ്രവാസി ജീവനക്കാരെ സ്വകാര്യ ജെറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്ത് കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇങ്ങനെ നിരവധി സ്വകാര്യ ജെറ്റുകള്‍ സര്‍വീസ് നടത്തി.

കൂടുതല്‍ സ്വകാര്യ ജെറ്റുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറെടുപ്പ് പൂര്‍ത്തീകരിച്ച് നില്‍ക്കെയാണ് പൊടുന്നനെ കേന്ദ്ര സര്‍ക്കാര്‍ ലാന്‍ഡിംഗ് പെര്‍മിറ്റ് നിഷേധിച്ചത്. ഇത് നിരവധി പേരുടെ ജോലിയെ സാരമായി ബാധിക്കും. 12 പേര്‍ക്ക് ഇരിക്കാവുന്ന ചലഞ്ചര്‍ 604 എയര് ക്രാഫ്റ്റാണ് പല യുഎഇ കമ്പനികളും സര്‍വീസിന് ഉപയോഗിക്കുന്നത്.

അതേസമയം, അനുമതി റദ്ദാക്കാനുള്ള കാരണം ഡിജിസിഎ സ്വകാര്യ ജെറ്റുകളെ അറിയിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ യുഎഇ എയര്‍ലൈന്‍സുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ് എന്നിവ ഉപയോഗിച്ചുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസിനും ഇന്ത്യ അനുമതി നല്കുന്നില്ല. നേരത്തെ നല്‍കിയിരുന്ന അനുമതിയും റദ്ദാക്കിയിട്ടുണ്ട്.

Exit mobile version