ജുബൈല്‍: പ്രമുഖ മലയാളി വ്യവസായി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജനാണ് സൗദിയില്‍ മരിച്ചത്. 65 വയസ്സായിരുന്നു. വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ജുബൈലിലെ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു പ്രേമരാജന്‍. 1982 മുതല്‍ ജുബൈലില്‍ പ്രവാസിയായ ഇദ്ദേഹം റീഗല്‍ എന്ന പേരില്‍ ഹോട്ടല്‍ ബിസിനസ് നടത്തി വരികയായിരുന്നു. ബിസിനസ് മക്കളെ ഏല്‍പ്പിച്ച് രണ്ടു വര്‍ഷം മുമ്പ് വിശ്രമം ജീവിതം നയിക്കുന്നതിന് നാട്ടില്‍ പോയ ഇദ്ദേഹം കൊറോണ ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് ജുബൈലില്‍ തിരിച്ചെത്തിയത്.
കഴിഞ്ഞ മാസം ആറിനു നാട്ടില്‍ പോകാന്‍ അദ്ദേഹത്തിനും ഭാര്യക്കും വിമാന ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു പ്രേമരാജന്‍. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ചത്. പനിയും ദേഹാസ്വസ്ഥ്യവും മൂലം അദ്ദേഹത്തെ ജുബൈല്‍ മുവാസാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീടുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മലയാളികള്‍ക്കിടയില്‍ അത്രയും സ്വാധീനമുണ്ടായിരുന്ന വ്യക്തിയുടെ നിര്യാണം ഞെട്ടലുണ്ടാക്കിയെന്ന് ജുബൈലിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഇദ്ദേഹം ബിസിനസ് നടത്തുന്ന മേഖലക്ക് മലയാളികള്‍ രാജന്‍ഗല്ലി എന്നാണു വിളിച്ച് പോന്നത്. ഭാര്യ: ലളിത, മക്കള്‍: പ്രണല്, പ്രജില്‍, ജിത്തു.
Discussion about this post