ഓക്ലന്‍ഡ്: ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഐസൊലേഷനില്‍ കഴിയുന്നതിനിടെ പുറത്ത് കടന്ന യുവാവിനെതിരെ നിയമനടപടി. ന്യൂസിലാന്റിലാണ് സംഭവം. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസ്റ്റീവ് ആണെന്ന് കണ്ടെത്തിയത്.
ശേഷം, ഇയാള്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇന്ത്യക്കാരനായ മുപ്പത്തിമുന്നുകാരന് ഓക്ലന്‍ഡിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് മുങ്ങുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാനാണ് ഇയാള്‍ പുറത്തുകടന്നത്. ന്യൂസിലാന്റില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചയാളാണ് ഇത്. ചൊവ്വാഴ്ച പ്രാദേശിക സമയമനുസരിച്ച് വൈകുന്നേരം 6.30 ഓടെയാണ് ഇയാള്‍ കെട്ടിടത്തിന് പുറത്തേയ്ക്ക് പോയത്.
ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും മറ്റുള്ളവരുമായി ഇയാള്‍ നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് ജൂലായ് മൂന്നിനാണ് ഇയാള്‍ ഓക്ലന്ഡിലെത്തിയത്. ഇയാള്‍ നിയമനടപടികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നു ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു. ഇയാള്‍ക്ക് ആറ് മാസം വരെ ജയില്‍ ശിക്ഷയോ 4000 ഡോളര്‍ പിഴയോ ലഭിക്കുമെന്നാണ് വിവരം.
Discussion about this post