കഅബ സ്പർശിക്കരുത്; അണുവിമുക്തമാക്കിയ കല്ലും പ്ലാസ്റ്റിക് കുപ്പികളിൽ സംസം ജലവും; സൗദി ഹജ്ജ് മാർഗ്ഗനിർദേശങ്ങൾ ഇറക്കി

റിയാദ്: സൗദി അറേബ്യ ജൂലൈ അവസാനവാരത്തോടെ ആരംഭിക്കുന്ന ഹജ്ജ് തീർത്ഥാടന കർമ്മങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് പ്രത്യേക പുതിയ നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണത്തെ ഹജ്ജ് നിലവിൽ സൗദിയിലുള്ളവർക്ക് മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു. സൗദിയിലുള്ള വിദേശികൾക്ക് ഹജ്ജ് ചടങ്ങുകൾ നടത്താനുള്ള രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു. ഇതിനൊപ്പമാണ് കർശന മാർഗനിർദേശങ്ങളിറക്കിയിരിക്കുന്നത്.

സംസം കിണറ്റിൽ നിന്നുള്ള വിശുദ്ധ സംസം ജലം ഇത്തവണ പ്ലാസ്റ്റിക് ബോട്ടിലുകളിലാകും കുടിക്കാൻ നൽകുക. കൂടാതെ കല്ലെറിയൽ ചടങ്ങിനായി അണുവിമുക്തമാക്കിയ കല്ലുകളും നൽകും. തീർത്ഥാടകർ നടക്കുന്ന വഴികളിൽ നിന്ന് കല്ലുകൾ പെറുക്കിയെടുത്തായിരുന്നു നേരത്തെ ഈ ചടങ്ങ് വിശ്വാസികൾ നിർവഹിച്ചിരുന്നത്. ഇതിന് പുറമെ നമസ്‌കരിക്കുന്നതിനായുള്ള പായകളും തീർത്ഥാടകർ തന്നെ കൊണ്ടു വരണമെന്നും നിർദേശത്തിൽ പറയുന്നു.

മറ്റ് നിർദേശങ്ങൾ:

കഅബ സ്പർശിക്കാനോ ചുംബിക്കാനോ പാടില്ല

തീർത്ഥാടകർ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം

നമസ്‌കാര സമയത്ത് ഉൾപ്പെടെ സാമൂഹിക അകലം പാലിക്കണം

ഹജ്ജ് തീർത്ഥാടനത്തിന് മുമ്പും ശേഷവും ആരോഗ്യമന്ത്രാലയം നിർദേശിച്ച ക്വാറന്റൈൻ നിർബന്ധം

കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം

നേരത്തെ ഹജ്ജ് നിർവഹിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല

കൊവിഡിന് പുറമെ ഹൃദ്‌രോഗം, രക്തസമ്മർദ്ദം, പ്രമേഹം, മാനസിക പ്രശ്‌നം എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാവില്ല.

വിശുദ്ധസ്ഥലങ്ങളിൽ ( മിന, മുസാലിഫ, അറ) എന്നിവിടങ്ങളിൽ ജൂലൈ 19 മുതൽ ആഗസ്റ്റ് 2വരെ അനുവാദമമല്ലാതെ പ്രവേശിക്കാൻ പാടില്ല.

Exit mobile version