തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്തിൽ എംബസി ഉദ്യോഗസ്ഥർക്കാർക്കും പങ്കില്ലെന്ന് യുഎഇ എംബസി. ആരോപണ വിധേയനായ ആളെ മോശം പെരുമാറ്റത്തിന് നേരത്തേ പുറത്താക്കിയതാണെന്നും എംബസി വ്യക്തമാക്കി. കോൺസുലേറ്റ് പ്രവർത്തനം മനസിലാക്കി അത് ദുരുപയോഗം ചെയ്തതാണെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിതിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇപ്പോൾ കസ്റ്റഡിയിലുള്ള കേൺസുലേറ്റ് മുൻ പിആർഒയെ ചോദ്യം ചെയ്തപ്പോഴാണു കടത്തിനുപിന്നിൽ വൻസംഘമെന്നു തെളിഞ്ഞത്.
അതിനിടെ സ്വപ്നയെ പുറത്താക്കിയെന്ന് ഐടി വകുപ്പ് അറിയിച്ചു. ഐടി വകുപ്പിലെ സ്‌പേസ് പാർക്കുമായി ബന്ധപ്പെട്ടാണ് സ്വപ്ന പ്രവർത്തിച്ചിരുന്നത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് മുഖേനയായിരുന്നു സ്വപ്നയുടെ നിയമനം.