ദുബായ്: പ്രളയദുരിതത്തില്‍ മുങ്ങിയ കേരളത്തോട് പോറ്റമ്മയായ മണ്ണ് കാണിച്ച കരുതലിന് മലയാളത്തിന്റെ നന്ദിയും സ്‌നേഹവും നടന്ന് അറിയിച്ച് മലയാളി യുവാവ്. കൊച്ചി കാക്കനാട് സ്വദേശിയായ സബീല്‍ ഇസ്മയീല്‍(40) ആണ് യുഎഇയോടുള്ള നന്ദിയറിയിച്ചത്.
മുപ്പതിന് രാവിലെ 10.45ന് സബീല്‍ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച നടത്തം 171.5 കിലോമീറ്റര്‍ പിന്നിട്ട് അബുദാബിയിലെ മറീനാമോളിനു മുന്നില്‍ ഉച്ചക്ക് 2.57നാണ് അവസാനിച്ചത്. 52 മണിക്കൂറും 22 മിനിറ്റും പിന്നിട്ട് ഈ നടത്തത്തോടെ ഏഴ് എമിറേറ്റിലും നടന്നുപോയ മലയാളി എന്ന അപൂര്‍വതയും സബീലിന് സ്വന്തം.
സബീല്‍ ആകെ നടന്ന ദൂരം 419 കിലോമീറ്റര്‍. എടുത്ത സമയം 123 മണിക്കൂര്‍ 22 മിനിറ്റ്.
കൊച്ചി കാക്കനാട് സ്വദേശിയായ സബീല്‍ ദുബായില്‍ കമ്പനി ഉദ്യോഗസ്ഥനാണ്. ഭര്‍ത്താവിന്റെ ഈ വ്യത്യസ്ത നന്ദി പറച്ചിലില്‍ ഭാര്യ ലിജിക്ക് നിറഞ്ഞ സന്തോഷം. ഏക മകന്‍ റയാന്‍.
പ്രളയദുരിതത്തില്‍ മുങ്ങിയ കേരളത്തോട് യുഎഇ ഭരണാധികാരികള്‍ കാണിച്ച സ്‌നേഹത്തിന് ഏതെങ്കിലും രീതിയില്‍ നന്ദി അറിയിക്കണമെന്ന ആഗ്രഹമാണ് സബീലിനെ ഈ തീരുമാനത്തില്‍ എത്തിച്ചത്. നടപ്പ് ഏറെ ഇഷ്ടമാണ് സബീലിന്. ആ ഇഷ്ടത്തിന് ഒരു ദൗത്യം കൂടി ഉണ്ടാകുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഇരട്ടിയാണെന്ന് സബീല്‍ പറയുന്നു. രാത്രിയും പകലും നടത്തം തുടരുന്ന സബീല്‍ ഇത്തവണ ആകെ ആറുമണിക്കൂര്‍ ഉറങ്ങി. കാലിലെ തൊലി പൊട്ടിയെങ്കിലും അതൊന്നും വകവയ്ക്കാതെ നിറഞ്ഞ ആഹ്ലാദം പങ്കിടുകയാണ് സബില്‍.
മൂന്നു ഘട്ടങ്ങളിലായാണ് സബീല്‍ നടന്നത്. ആദ്യ നടത്തം റാസല്‍ഖൈമ വരെയായിരുന്നു. അഞ്ച് എമിറേറ്റുകള്‍ അന്നു താണ്ടി. 104 കിലോമീറ്റര്‍. സമയം 28 മണിക്കൂര്‍. അടുത്ത ഘട്ടം കഴിഞ്ഞമാസമായിരുന്നു. അന്നു ഫുജൈറ വരെ 43 മണിക്കൂര്‍ കൊണ്ടു നടന്നുതാണ്ടിയത് 144 കിലോമീറ്റര്‍.