റാസല്‍ഖൈമ: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വാര്‍ത്ത മകന്‍ വിളിച്ചു പറഞ്ഞതോടെ സന്തോഷത്തിലായിരുന്നു പ്രവാസിയായ പവിത്രന്‍ . മകന് സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാന്‍ കാത്തുനിന്ന പവിത്രനെ എന്നാല്‍ മരണം തട്ടിയെടുത്തു. മരണശേഷം കോവിഡ് സ്ഥിരീകരിച്ചതോടെ മരുഭൂമിയില്‍ തന്നെയായി അന്ത്യനിദ്രയും.
കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മഞ്ചക്കലാണ് നാട്ടിലേക്ക് പുറപ്പെടാന്‍ എതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ റാസല്‍ഖൈമ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് വാങ്ങിയ മകന്‍ ധനൂപിന് സമ്മാനവുമായാണ് പവിത്രന്‍ നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയത്.
കെം.എം.സി.സി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് പവിത്രന്‍ നാട്ടിലേക്ക് പുറപ്പെടണ്ടിയിരുന്നത്. കോവിഡ് ടെസ്റ്റിന് കാത്തിരിക്കുന്നതിനിടയില്‍ പവിത്രന് നെഞ്ചുവേദന അനുഭവപ്പെടുകായിരുന്നു. പിന്നീട് കുഴഞ്ഞുവീണു. വിമാനത്താവളത്തിലെ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഉടന്‍ തന്നെ മൃതദേഹം റാസല്‍ഖൈമയിലെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ മൃതദേഹം റാസല്‍ഖൈമയില്‍ തന്നെ സംസ്‌കരിച്ചു. പവിത്രന്റെ വിയോഗം സൃഷ്ടിച്ച നടുക്കത്തിലാണ് ഇപ്പോള്‍ ഉറ്റവരും റാസല്‍ഖൈമയിലെ സാമൂഹിക പ്രവര്‍ത്തകരും.
അജ്മാനിലെ ഒരു ജ്വല്ലറിക്ക് ചുവടെ സ്വര്‍ണാഭരണ നിര്‍മാണ ജോലിക്കാരനായിരുന്നു പവിത്രന്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൂന്നു മാസത്തോളമായി ജോലിയില്ല. ധനൂപിന് വാങ്ങിവെച്ച സമ്മാനം ഉള്‍പ്പെടെയുള്ള ബാഗേജ് കണ്ണീരോര്‍മയായി റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ തന്നെയുണ്ട്. ഇത് സ്‌പൈസ് ജെറ്റ് കമ്പനി നാളെ നാട്ടിലെത്തിക്കും.
Discussion about this post