107 ദിവസങ്ങള്‍; യുഎഇയില്‍ ആരാധനാലയങ്ങള്‍ തുറന്നു

യുഎഇ; 107 ദിവസങ്ങള്‍ക്ക് ശേഷം യുഎഇയില്‍ ആരാധനാലയങ്ങള്‍ തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ആരാധനാലയങ്ങള്‍ തുറന്നത്. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് പള്ളികള്‍ അടക്കമുള്ള ആരാധനാലയങ്ങളിലേക്ക് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കെത്തിയത്. കൊറോണ ജാഗ്രതയുടെ ഭാഗമായി 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

സാമൂഹിക അകലം പാലിച്ചാണ് നിസ്കാരം ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. പള്ളികളില്‍ എത്തി പ്രാര്‍ത്ഥന നടത്താനായതിന്‍റെ സന്തോഷം വിശ്വാസികളും പങ്കുവെച്ചു. കഴിഞ്ഞ 3 മാസമായി പള്ളികളില്‍ നിന്നുയര്‍ന്ന വാങ്ക് വിളിയില്‍ വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കാനായിരുന്നു ആഹ്വാനം ചെയ്തിരുന്നത്.

അതേസമയം, പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും, ഗുരുതര രോഗമുള്ളവര്‍ക്കും സുരക്ഷ മുന്‍നിര്‍ത്തി ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.

Exit mobile version