വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗര്‍ഭിണിയായി, ഒമ്പതാംമാസത്തില്‍ യുവതിക്കും ഭര്‍ത്താവിനും കോവിഡ്, ഒടുവില്‍ പെണ്‍കുഞ്ഞിന് ജന്മംനല്‍കി മലയാളി നഴ്‌സ്, പൊന്നോമനയ്ക്ക് പേര് ‘ഏയ്ഞ്ചലിന്‍’

അബുദാബി: കോവിഡ് ബാധിതയായ മലയാളി നഴ്‌സിന് പിറന്ന പൊന്നോമനയുടെ പേര് ഏയ്ഞ്ചലിന്‍. കോട്ടയം സ്വദേശികളായ ജിന്‍സിയും ഭര്‍ത്താവ് ജോസ് ജോയുമാണ് കുഞ്ഞിന് മാലാഖ എന്നര്‍ഥം വരുന്ന ‘ഏയ്ഞ്ചലിന്‍’ എന്നു പേരിട്ടത്. മാലാഖമാരെന്നു വിളിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരവായാണ് മാലാഖയെന്ന് അര്‍ഥം വരുന്ന പേര് പിഞ്ചോമനയ്ക്ക് നല്‍കിയത്.

കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജിന്‍സി ഗര്‍ഭിണിയായത്. കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ രോഗ ബാധിതരെ പരിചരിക്കാന്‍ അല്‍ ഐന്‍ വിപിഎസ് മെഡിയോര്‍ ആശുപത്രിയില്‍ സേവനനിരതയായി ജിന്‍സിയുണ്ടായിരുന്നു.

ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായ ജിന്‍സിയുടെ ഭര്‍ത്താവ് ജോസ് ജോയ്ക്കാണ് ആദ്യം കോവിഡ് പോസിറ്റീവ് ആകുന്നത്. പിന്നാലെ, സാംപിള്‍ നല്‍കി ഫലം വന്നപ്പോള്‍ ജിന്‍സിയും പോസിറ്റീവ്. കോവിഡ് പോസിറ്റീവ് ഫലം വരുമ്പോള്‍ ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്ന ജിന്‍സി.

ജിന്‍സിയുടെ പ്രസവം ജൂണ്‍ പകുതിയോടെയാകാനാണ് സാധ്യതയെന്ന് നേരത്തെ ഡോക്ടര്‍ സൂചിപ്പിച്ചിരുന്നു. ഈ തീയതിയിലായിരുന്നു കുടുംബത്തിന് അല്‍പ്പമെങ്കിലും ആശ്വാസം. ശരീര വേദനയും രുചി ഇല്ലായ്മയുമായിരുന്നു പ്രകടമായ ലക്ഷണങ്ങള്‍. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ക്വാറന്റീനില്‍ തുടര്‍ന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി ജോസ്മി ആന്റണി മുന്‍കരുതലുകള്‍ സ്വീകരിച്ചു ജിന്‍സിക്ക് തുണയായി.

മേയ് 15ന് പോസീറ്റിവ് ആയ ശേഷം നെഗറ്റീവ് ഫലം ലഭിക്കാനായി കുടുംബം ദിവസങ്ങള്‍ എണ്ണി കാത്തിരുന്നു. അതിനിടെ ചികിത്സയില്‍ കഴിയുന്ന ജോസിന് ന്യൂമോണിയ സ്ഥിരീകരിച്ചു, ശ്വാസംമുട്ട് തുടങ്ങി. കോവിഡ് പോസറ്റീവായ ഉടന്‍ ജിന്‍സി ജോലി ചെയുന്ന അല്‍- ഐന്‍ മെഡിയോര്‍ ആശുപത്രിയില്‍ ജോസിനെ പ്രവേശിപ്പിച്ചതിനാല്‍ ആരോഗ്യനില നിയന്ത്രണവിധേയമായി വന്നു.

അതിനിടെ പ്രസവ വേദന വന്ന് ജിന്‍സിയും ആശുപത്രിയിലായി. അന്നു രാത്രി തന്നെ കുഞ്ഞുപിറന്നു. കോവിഡ് മുക്തയായെന്നു ഉറപ്പാകാത്തതിനാല്‍ പ്രസവശേഷം പൊന്നോമനയെ അടുത്ത് നിന്നു കാണാന്‍ ജിന്‍സിക്കായില്ല. പിപിഇ ധരിച്ച സഹപ്രവര്‍ത്തകര്‍ ദൂരെ നിന്ന് കുഞ്ഞിനെ കാണിച്ചു കൊടുത്തു.

എന്നാല്‍ കുട്ടിക്ക് കോവിഡ് ബാധിച്ചിട്ടില്ലായിരുന്നു. അതിനാല്‍ കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി. ജിന്‍സി അപ്പോഴും ഐസൊലേഷന്‍ റൂമില്‍ തുടരുകയായിരുന്നു. ഫോണിലൂടെയായിരുന്നു പിന്നീട് ജിന്‍സി തന്റെ പൊന്നോമനയെ കണ്ടത്. പ്രസവത്തിനു മുമ്പ് നല്‍കിയ സാംപിളിന്റെ ഫലം വന്നപ്പോള്‍ വീണ്ടും പോസിറ്റിവ്.

വീണ്ടും ജിന്‍സി വിഷമത്തിലായി. ഈ മാസം 10നാണ് അടുത്ത നെഗറ്റിവ് റിപ്പോര്‍ട്ട് കിട്ടിയത്. അന്നേ ദിവസമാണ് സഹോദരിയുടെയും സഹപ്രവര്‍ത്തകരുടെയും പരിചരണത്തില്‍ ആയിരുന്ന കുഞ്ഞിനെ ജിന്‍സി നേരില്‍ക്കണ്ട് കയ്യില്‍ എടുക്കുന്നത്.

ജിന്‍സിയും കുഞ്ഞും വീട്ടിലെത്തുമ്പോള്‍ രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം കോവിഡ് മുക്തനായ ജോസ് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ദൂരക്കാഴ്ചയില്‍ ഇരുവരെയും കണ്ട ജോസിന് കുഞ്ഞിനെയെടുക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വന്നു.

‘പിറന്നു വീണ ഉടന്‍ കുഞ്ഞിനെ വാരിയെടുത്തു പരിചരിച്ചത് എന്റെ സഹപ്രവര്‍ത്തകരായ നഴ്‌സുമാരാണ്. ഞാന്‍ കുഞ്ഞിന് അടുത്തെത്തുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ സഹോദരിക്കൊപ്പം അവരാണ് കുഞ്ഞിനെ പരിപാലിച്ചത്. അമ്മയുടെ മനസ്സറിയുന്ന അവര്‍ ആ ദിവസങ്ങളില്‍ സ്വന്തം മകളെപ്പോലെ കുഞ്ഞിനെ നോക്കിയെന്നും അതുകൊണ്ടു തന്നെ കുഞ്ഞിന് പേര് നല്‍കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ലെ’ന്നും ജിന്‍സി പറയുന്നു.

Exit mobile version