അബുദാബി: യുഎഇയില്‍ ടോയ്‌ലെറ്റ് ടിഷ്യൂ പേപ്പറര്‍ മോഷ്ടിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ. ഏകദേശം 42,000 ദിര്‍ഹം വിലമതിക്കുന്ന ടോയ്‌ലറ്റ് ടിഷ്യൂ പേപ്പറുകളാണ് രണ്ട് ജീവനക്കാര്‍ മോഷ്ടിച്ചത്. അബുദാബിയിലെ ഒരു ഗോഡൗണില്‍ നിന്ന് സ്റ്റോര്‍ കീപ്പറും ക്രെയിന്‍ ഓപ്പറേറ്ററുമാണ് മോഷണം നടത്തിയത്. ഇരുവര്‍ക്കും ആറ് മാസത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഒരു പേപ്പര്‍ നിര്‍മാണ കമ്പനിയുടെ ഗോഡൗണില്‍ നിന്നായിരുന്നു മോഷണം.
ഇവിടെ ജോലി ചെയ്തിരുന്ന പ്രതികള്‍ നിരവധി ബോക്‌സ് പേപ്പറുകള്‍ വാഹനത്തില്‍ നിറച്ച ശേഷം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍ പെടാതെ പേപ്പറുകള്‍ കടത്തുകയായിരുന്നു. സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള രേഖകള്‍ ക്യാഷ്യറില്‍ നിന്നോ ഓഫീസില്‍ നിന്നോ വാങ്ങാതെയാണ് സാധനങ്ങള്‍ കടത്തിയത്. ശേഷം, കമ്പനിയിലെ ആഭ്യന്തര അന്വേഷണത്തിനൊടുവില്‍ രണ്ട് ജീവനക്കാരും ചേര്‍ന്ന് മോഷണം നടത്തിയതായി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഇരുവര്‍ക്കുമെതിരെ ചാര്‍ജ് ഷീറ്റ് നല്‍കി. നേരത്തെ കേസ് പരിഗണിച്ച കീഴ്‌കോടതി രണ്ട് പ്രതികള്‍ക്കും ആറ് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. കോടതി ചിലവും ഇവരില്‍ നിന്ന് ഈടാക്കിയ ശേഷം നാടുകടത്താനാണ് ഉത്തരവ്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് മേല്‍ കോടതിയെ സമീപിച്ചുവെങ്കിലും നേരത്തെയുള്ള ഉത്തരവ് മേല്‍കോടതിയും ശരിവെയ്ക്കുകയായിരുന്നു.