അബുദാബി: സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തയ്യാറെടുക്കുന്നതായി യുഎഇ. സർക്കാർ-സ്വകാര്യ മേഖലകളിലെ സ്‌കൂളുകളിലും സർവകലാശാലകളിലും സെപ്റ്റംബറിൽ അധ്യയനം തുടങ്ങാനാണ് സാധ്യത. വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്യാൻ വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാന്റെ അധ്യക്ഷതയിൽ ചേർന്ന എജ്യൂക്കേഷൻ ആന്റ് ഹ്യൂമൻ റിസോഴ്‌സസ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിനെതിരായ സുരക്ഷാ നടപടികളനുസരിച്ചും സാഹചര്യത്തിലുണ്ടാകുന്ന മാറ്റം പരിഗണിച്ചുമായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് മന്ത്രി അറിയിച്ചു.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തും. വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായിരിക്കും പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും നടത്തിവരുന്ന ശ്രമങ്ങളെ എജ്യൂക്കേഷൻ ആന്റ് ഹ്യൂമൺ റിസോഴ്‌സസ് കൗൺസിൽ യോഗത്തിൽ അഭിനന്ദിച്ചു.
Discussion about this post