റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് പ്രവാസ ലോകത്ത് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ദയശീലന്‍ (65), ഗോപാലകൃഷ്ണ പിള്ള (55) എന്നിവരാണ് കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ ജുബൈലില്‍ മരിച്ചത്. ഇരുവരും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ചലവറ ശ്രുതിലയത്തില്‍ ദയശീലന്‍. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദയാശീലന്‍ പരിശോധനാഫലം വന്നപ്പോള്‍ കൊവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ജുബൈല്‍ മുവാസത്ത് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ദയാശീലന്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് മാടന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഐശ്വര്യയില്‍ ഗോപാലകൃഷ്ണ പിള്ള. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയില്‍ വര്‍ക്ഷോപ്പ് സൂപ്പര്‍വൈസര്‍ ആയിരുന്നു ഇദ്ദേഹം.
രണ്ടാഴ്ച മുമ്പ് കടുത്ത പനിയെ തുടര്‍ന്നാണ് ഗോപാലകൃഷ്ണ പിള്ളയെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗം കലശലായതിനെ തുടര്‍ന്ന് ഖോബാര്‍ അല്‍-മന ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 12 വര്‍ഷമായി ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭാര്യ: ശ്രീജ.
Discussion about this post