മസ്‌കത്ത്: കോവിഡ് വ്യാപിച്ചതോടെ ജോലി ചെയ്തിരുന്ന കോഫി ഷോപ്പ് അടച്ചു. ഇതോടെ വരുമാനം നിലച്ച് ഒമാനില്‍ കൊടും ദാരിദ്രത്തില്‍ കഴിയുന്ന ഒമ്പത് മലയാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നു. അധികൃതര്‍ എത്രയും വേഗത്തില്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാം നഷ്ടപ്പെട്ട് കഴിയുന്ന ഈ പ്രവാസികള്‍ അപേക്ഷിക്കുന്നു.
മസ്‌കത്തില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഇസ്‌കിയിലെ ‘ആഫിയ’ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു ഹോട്ടല്‍ ആന്റ് കോഫി ഷോപ്പിലെ ജീവനക്കാരാണ് ആഹാരത്തിനു പോലും വകയില്ലാതെ ഇപ്പോള്‍ ബുദ്ധിമുട്ടുന്നത്. കോവിഡ് വ്യാപിച്ചതോടെ ഇവര്‍ ജോലി ചെയ്തിരുന്ന കോഫി ഷോപ്പ് അടച്ചുപൂട്ടി.
ഇതുവരെ തുറക്കാന്‍ സാധിച്ചിട്ടില്ല. നിസ്വ- മസ്‌കത്ത് ഹൈവേയില്‍ കൂടിയുള്ള യാത്രക്കാരെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലച്ചു. ഇതോടെ ജീവനക്കാര്‍ പട്ടിണിയിലുമായി. ഒമാനിലെ ഇസ്‌കിയിലെ കുടുസ്സു മുറിയില്‍ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോള്‍ ഈ ഒന്‍പത് മലയാളികളും.
കൊടും ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവരുടെ പക്കല്‍ ഒരു റിയാലുപോലുമില്ലാത്ത അവസ്ഥയാണ്. സാമൂഹിക പ്രവര്‍ത്തകരുടെയും സുമനസ്സുകളുടെയും സഹായത്താല്‍ ഇതുവരെ ഒരോദിവസവും തള്ളിനീക്കുകയായിരുന്നെന്നും ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഷോപ്പ് ഉടമയായ കണ്ണൂര്‍ സ്വദേശി നസ്ലിന്‍ മുഹമ്മദ് പറഞ്ഞു.
വാടകയ്ക്കും ആഹാരത്തിനുമുള്ള പണത്തിന് പുറമെ മരുന്നും ചികിത്സയും ആവശ്യമായവരും സംഘത്തിലുണ്ട്. കോഫി ഷോപ്പിലെ മുതിര്‍ന്ന ജീവനക്കാരനായ മലപ്പുറം സ്വദേശി നാരായണന്‍ ആസ്മ രോഗിയാണ്. മരുന്നിന്റെ ദൗര്‍ലഭ്യം കാരണം രോഗം മൂര്‍ഛിക്കുമെന്ന ആശങ്കയിലാണ് അദ്ദേഹം.
ഇതൊന്നും കൂടാതെ വിസയുടെ കാലാവധി അവസാനിച്ചവരും ഇതിലുണ്ട്. ഈ ദുരിത ജീവിതത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങുവാന്‍ കഴിയുമോയെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ തിങ്ങിപ്പാര്‍ക്കുന്നത് അപകടമാണെന്നും അതിനാല്‍ അധികൃതര്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ പറയുന്നു.
Discussion about this post