കടുത്ത പനിയും ശ്വാസതടസ്സവും, പരിശോധിച്ചപ്പോള്‍ കോവിഡ്; സൗദിയില്‍ ചികിത്സയില്‍ കഴിയവെ തിരൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: കോവിഡ് 19 വൈറസ് ബാധിച്ച് പ്രവാസ ലോകത്ത് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം തിരൂര്‍ ചെമ്പ്ര ചെറിയേടത്ത് ഹുസൈന്‍ ആണ് സൗദിയിലെ ജിദ്ദയില്‍ മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

61 വയസ്സായിരുന്നു. കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ച് ജൂണ്‍ രണ്ടിനാണ് ഹുസൈനെ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

അതിനിടെ രോഗം മൂര്‍ച്ഛിച്ചതോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ പ്രോട്ടോകോള്‍ പ്രകാരം സൗദിയില്‍ സംസ്‌കരിക്കും.

ജിദ്ദ സൂഖുല്‍ ഗുറാബില്‍ അമൂദി ഇലക്ട്രിക്കല്‍സില്‍ ജോലിചെയ്തുവരികയായിരുന്നു ഹുസൈന്‍. പാലക്കല്‍ ബീക്കുട്ടിയാണ് ഉമ്മ, ഭാര്യ: സുലൈഖ. കോവിഡ് വൈറസ് ബാധിച്ച് നിരവധി മലയാളികളാണ് ഇതിനോടകം പ്രവാസ ലോകത്ത് മരിച്ചുവീണത്.

Exit mobile version