ഭാര്യയോടൊപ്പം നാട്ടിലേക്ക് മടങ്ങിനിരിക്കെ കോഴിക്കോട് സ്വദേശി അല്‍ഖോബാറില്‍ മരിച്ചു

അല്‍ ഖോബാര്‍: ഹൃദയാഘാതം മൂലം മലയാളി അല്‍ഖോബാറില്‍ മരിച്ചു. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയായ മുതിരപറമ്പത്ത് അല്‍ഫാസ് അഹമ്മദ് കോയയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസ്സായിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ പേരും രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതോടെ അഹമ്മദ് കോയ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് മാസത്തിലധികമായി മകളുടെ കുടുംബത്തോടൊപ്പം റാക്കയില്‍ സന്ദര്‍ശക വിസയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

ഭാര്യ ഇടുക്കില്‍ ബിച്ചാമിനാബിക്കൊപ്പം നാട്ടിലേക്ക് തിരിച്ചുവരാന്‍ എബസിയിലും നോര്‍ക്കയിലും പേരും രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. കോഴിക്കോട് നഗരത്തിലെ കാവേരി പ്ലാസ്റ്റിക് എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയാണ് അല്‍ഫാസ് അഹമ്മദ് കോയ.

സാജിദ് (ഹായില്‍ സൗദി അറേബ്യ), റസ്വി (കാവേരി പ്ലാസ്റ്റിക്,കോഴിക്കോട്) ആല്‍ഫാ (ദമ്മാം) എന്നിവര്‍ മക്കളും റഹ്ഫത്ത് പുത്തന്‍ വീട്ടില്‍ (ദമാം) ,സക്കീന പഴയതോപ്പ് ഇഷാരത്ത് എന്നിവര്‍ മരുമക്കളുമാണ്. പരേതനായ കുഞ്ഞഹമ്മദ്, അസ്സന്‍ കോയ, സകരിയ്യ , സാലു ,അബ്ദുല്ല കോയ എന്നിവര്‍ സഹോദരങ്ങളാണ്. അഹമദ് കോയയുടെ നിര്യാണത്തില്‍ അല്‍കോബാര്‍ കെഎംസിസി നേതാക്കള്‍ അനുശോചനം അര്‍പ്പിച്ചു.

Exit mobile version